കോട്ടയം : ജില്ലയിലെ 32 സർക്കാർ ആശുപത്രികളിൽ ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന ഇ-ഹെൽത്ത് സംവിധാനം നടപ്പിലായതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അറിയിച്ചു. ഇതോടെ ആകെയുള്ള 80 ആരോഗ്യ സ്ഥാപനങ്ങളിൽ 40 ശതമാനവും ഡിജിറ്റൽ സേവനങ്ങൾ നൽകിത്തുടങ്ങി. ഈ ആശുപത്രികളിൽ ഒ.പി രജിസ്ട്രേഷൻ, പ്രീ ചെക്ക്, ഡോക്ടറുടെ കൺസൾട്ടേഷൻ, ലബോറട്ടറി പരിശോധന, ഫാർമസി തുടങ്ങിയ എല്ലാഘട്ടങ്ങളിലും ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാകും. തുടർന്നുള്ള ചികിത്സകൾക്കും ഇ-ഹെൽത്ത് സംവിധാനമുള്ള മറ്റ് ആശുപത്രികളിലും തുടർ സേവനങ്ങൾ ഡിജിറ്റലായി നൽകും. രോഗിയുടെ സ്വകാര്യതയും വിവരങ്ങളുടെ രഹസ്യാത്മകതയും പൂർണമായി സംരക്ഷിച്ചുകൊണ്ടാണ് ഡിജിറ്റൽ സേവങ്ങൾ നൽകുക. ഒരു വർഷത്തിനകം ജില്ലയിലെ എല്ലാ ആശുപത്രികളിലും ഇ-ഹെൽത്ത് സംവിധാനം നടപ്പാക്കും. ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാകാൻ എല്ലാവരും യൂണീക് ഐഡന്റിഫിക്കേഷൻ നമ്പർ എടുക്കേണ്ടത് അത്യാവശ്യമാണ്. ഈ നമ്പർ ഉള്ള കാർഡ് ഉപയോഗിച്ചാകും ആരോഗ്യ സേവങ്ങൾ നൽകുക. കൂടാതെ ജീവിതശൈലി രോഗ നിർണയത്തിനുള്ള ശൈലി അപ്ലിക്കേഷൻ, കാൻസർ നിർണയത്തിനുള്ള ക്യാൻ കോട്ടയം തുടങ്ങിയ സർക്കാർ പദ്ധതികളിൽ പരിശോധനകൾ സുഗമമായി നടത്തുന്നതിനും നമ്പർ ആവശ്യമാണ്. https://ehealth.kerala.gov.in/portal/uhid-reg എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ആധാർ നമ്പർ നൽകിയാൽ യൂണിക് ഹെൽത്ത് ഐഡി നമ്പർ സൗജന്യമായി ലഭിക്കും. ഇ-ഹെൽത്ത് സംവിധാനം ലഭ്യമായ ആശുപത്രികളിൽ നിന്ന് ബാർകോഡ് ഉൾപ്പെടെയുള്ള കാർഡ് പ്രിന്റ് ചെയ്ത് ലഭിക്കും.കോട്ടയം ജില്ലയിൽ ഇഹെൽത്ത് സംവിധാനം ലഭ്യമായ ആശുപത്രികൾകോട്ടയം മെഡിക്കൽ കോളജ് കോട്ടയം, കാഞ്ഞിരപ്പള്ളി, പാലാ ജനറൽ ആശുപത്രികൾ പാമ്പാടി താലൂക്ക് ആശുപത്രി കുടുംബാരോഗ്യ കേന്ദ്രങ്ങൾനാട്ടകം, മണർകാട്, പാറമ്പുഴ, പനച്ചിക്കാട്, മീനടം, തോട്ടയ്ക്കാട്, വാഴൂർ, പായിപ്പാട്, മാടപ്പള്ളി, വെള്ളാവൂർ, , മുത്തോലി, മീനച്ചിൽ, മൂന്നിലവ്, പൂഞ്ഞാർ, മുണ്ടക്കയം, ഈരാറ്റുപേട്ട, മരങ്ങാട്ടുപിള്ളി, വെളിയന്നൂർ, കടുത്തിരുത്തി, കുറുപ്പുന്തറ, ഉദയനാപുരം, കല്ലറ, വെള്ളൂർ, മറവന്തുരുത്, ബ്രഹ്മമംഗലം, രാമപുരംപെരുന്ന നഗരാരോഗ്യ കേന്ദ്രം