കോട്ടയം : ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയോജിതമായി മൃഗസംരക്ഷണ വകുപ്പ് മുഖേന നടത്തപ്പെടുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് യജ്ഞം അഞ്ചാംഘട്ടത്തിനും ചർമ്മ മുഴ രോഗ പ്രതിരോധ കുത്തിവെപ്പ് യജ്ഞം രണ്ടാംഘട്ടത്തി നും ഇന്ന് തുടക്കം കുറിച്ചു.കോട്ടയം ജില്ലയിലെ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ബഹുമാനപ്പെട്ട കോട്ടയം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ നെബു ജോൺ നിർവഹിച്ചു.പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ റോയ് മാത്യു വിന്റെ അധ്യക്ഷതയിൽ പനച്ചിക്കാട് ക്ഷീരോൽപാദക സഹകരണ സംഘം ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോക്ടർ വിജിമോൾ മുഖ്യ പ്രഭാഷണം നടത്തി.ADCP ജില്ലാ കോഡിനേറ്റർ ഡോക്ടർ സജീവ് കുമാർ പദ്ധതി വിശദീകരണം നടത്തി. വികസനകാര്യ കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പ്രിയ മധുസൂദനൻ, പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി സുമ മുകുന്ദൻ, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ മായ ജെയിംസ് എന്നിവർ ആശംസ പ്രസംഗം നടത്തി.കോട്ടയം ജില്ലയിലെ 87721 പശുക്കൾക്കും എരുമകൾക്കും ഇനിയുള്ള 30 പ്രവർത്തി ദിവസങ്ങളിലായി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും മൃഗാശുപത്രികളുടെ മേൽനോട്ടത്തിൽ മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർ അടങ്ങിയ 129 വാക്സിനേഷൻ സ്ക്വാഡുകൾ നേരിട്ട് ക്ഷീരകർഷകരുടെ ഭവനത്തിൽ വെച്ച് പ്രതിരോധ കുത്തിവെപ്പുകൾ സൗജന്യമായി ചെയ്യുന്നതാണ്കർഷകർക്ക് ഏറെ സാമ്പത്തിക നഷ്ടവും ഉരുക്കളുടെ മരണകാരണവുമായ കാവുന്ന കുളമ്പ് രോഗത്തിനും ചർമ്മ മുഴ രോഗത്തിനും പ്രതിരോധ കുത്തിവെപ്പാണ് ഏക നിയന്ത്രണ മാർഗ്ഗം. നാലു മാസത്തിൽ താഴെ പ്രായമുള്ള കിടാക്കൾ, ഏഴുമാസത്തിന് മുകളിൽ ഗർഭാവസ്ഥയിലുള്ള ഉരുക്കൾ, രോഗബാധിതരും ക്ഷീണിതരുമായ ഉരുക്കൾ എന്നിവയെ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പിൽ നിന്നും ഒഴിവാക്കാവുന്നതാണ്. ചർമ്മ മുഴ രോഗപ്രതിരോധ കുത്തിവെപ്പിൽ നിന്നും നാലുമാസത്തിൽ താഴെ പ്രായമുള്ള കിടാക്കളെയും എരുമകളെയും പൂർണമായും ഒഴിവാക്കും.എന്നാൽ ഏത് ഗർഭാവസ്ഥയിലുള്ള ഉരുക്കൾക്കും ചർമ്മ മുഴ പ്രതിരോധ കുത്തിവെപ്പ് സുരക്ഷിതമാണ്.പ്രതിരോധ കുത്തിവെപ്പ് ചെയ്തതിനുള്ള അടയാളമായി ഉരുക്കളുടെ ചെവിയിൽ ടാഗ് ഘടിപ്പിക്കും.നിയമപരമായി നിർബന്ധമായി ചെയ്യേണ്ട ഈ പ്രതിരോധ കുത്തിവെപ്പുകൾ എല്ലാ ക്ഷീരകർഷകരും പ്രയോജനപ്പെടുത്തി തങ്ങളുടെ ഒരുക്കളെ രോഗങ്ങളിൽ നിന്ന് സംരക്ഷിച്ച് ഗുണമേന്മയുള്ള പാലുൽപാദനത്തിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്