കോട്ടയം : മധ്യവയസ്കനെ കമ്പിവടി കൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി കുന്നേപറമ്പ് ഭാഗത്ത് മുട്ടുവേലിൽ വീട്ടിൽ സബിൻ സജി (20), പുതുപ്പള്ളി കുന്നേപറമ്പ് ഭാഗത്ത് പൂമറ്റത്തിൽ വീട്ടിൽ ആനന്ദ് പി.അശോക് (22), ഇയാളുടെ സഹോദരൻ ഗോവിന്ദ് പി. അശോക് (18) പുതുപ്പള്ളി കുന്നേപറമ്പ് ഭാഗത്ത് കടുപ്പിൽപറമ്പിൽ വീട്ടിൽ അരുൺ സജി (19) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് കഴിഞ്ഞദിവസം വൈകിട്ട് അഞ്ചുമണിയോടുകൂടി അയൽവാസിയായ മധ്യവയസ്കനുമായി വഴിയിൽ വച്ച് വാക്ക്തർക്കം ഉണ്ടാവുകയും തുടർന്ന് ഇവർ മധ്യവയസ്കനെ ചീത്ത വിളിക്കുകയും കയ്യിൽ കരുതിയിരുന്ന കമ്പിവടികൊണ്ട് മധ്യവയസ്കന്റെ തലയ്ക്ക് അടിക്കുകയും, സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇവരെ പിടികൂടുകയുമായിരുന്നു. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ യൂ.ശ്രീജിത്ത്, എസ്.ഐ മാരായ അനിൽകുമാർ എ.എസ്, തോമസ് എബ്രഹാം, മനോജ് കുമാർ കെ. എസ്, എ.എസ്.ഐ ഇന്ദുകല, സി.പി.ഓ മാരായ പ്രതീഷ് രാജ്, അജിത്, അജേഷ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.