കോട്ടയം : കേരള ഫെസ്റ്റിവൽ കോ ഓർഡിനേഷൻ കമ്മിറ്റി കോട്ടയം ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ ഉത്സവ ആഘോഷങ്ങൾ സംരക്ഷിക്കാൻ പ്രതിഷേധ സംഗമം കോട്ടയം തിരുനക്കര പഴയ ബസ് സ്റ്റാന്റ് മൈതാനത്ത് നടന്നു. ഇന്ന് രാവിലെ 10 മണിക്ക് ആരംഭിച്ച പ്രതിഷേധ സംഗമത്തിന്റെ ഉദ്ഘാടനം മോൻസ് ജോസഫ് എംഎൽഎ നിർവഹിച്ചു.വിവിധ ഉത്സവ ആഘോഷങ്ങൾ സാംസ്കാരിക സംഘടന നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.ക്ഷേത്രങ്ങളിലും പള്ളികളിലും ഉത്സവങ്ങളോടനുബസിച്ചു നടന്നു വരുന്ന ആന എഴുന്നള്ളിപ്പുകൾക്കെതിരെ ഉള്ള നീക്കം അവസാനിപ്പിക്കുക, എഴുന്നള്ളിപ്പിന് ആവശ്യമായ ആനകളെ ലഭ്യമാക്കുക, വെടിക്കെട്ടിനുള്ള നിരോധനം നീക്കുക, ആചാര അനുഷ്ഠാനങ്ങളിൽ എൻജിഒകളുടെ കടന്നു കയറ്റം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കേരള ഫെസ്റ്റിവൽ കോ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം നടന്നത്.
കേരളത്തിലെ ഉത്സവ ആഘോഷങ്ങൾക്കെതിരെ വിവിധ എൻജിഒ സംഘടനകളുടെ നേതൃത്വത്തിൽ വലിയ ഗൂഢാലോചനയാണ് നടന്നു വരുന്നത് എന്നും ഉദ്യോഗസ്ഥരെ സ്വാധീനിച്ചും നീതിപീഠങ്ങളിൽ തെറ്റായ വിവരങ്ങൾ നൽകിയും വ്യവഹാരം നടത്തിയും ഉത്സവ ആഘോഷങ്ങളും ആഘോഷങ്ങൾക്കു മാറ്റു കൂട്ടുന്ന ആന എഴുന്നള്ളിപ്പും തകർക്കുവാനുള്ള ശ്രമമാണ് നടന്നു വരുന്നത് എന്നും പ്രതിഷേധ സംഗമത്തിൽ സംഘടനാ ഭാരവാഹികൾ പറഞ്ഞു. വർക്കിംഗ് പ്രസിഡന്റ് രാജേഷ് നട്ടാശ്ശേരി ചടങ്ങിൽ സ്വാഗതം പറഞ്ഞു.സംസ്ഥാന പ്രസിഡന്റ് രാജേഷ് പല്ലാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി പി എസ് രവീന്ദ്രനാഥൻ ആമുഖ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി വത്സൻ ചമ്പക്കര ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.