കോട്ടയം : ചില്ലറയില്ലാതെ ഓട്ടോറിക്ഷ ഡ്രൈവർമാർ വിഷമിക്കേണ്ട.നഗരത്തിലെ ഓട്ടോറിക്ഷ ഡ്രൈവർമാർക്കായി ബിസിഎം കോളജിന്റെ ബിസിഎം ഇ-പേ ഓട്ടോ പദ്ധതിയ്ക്ക് ജില്ലാ കളക്ടർ ജോൺ വി സാമുവൽ തുടക്കം കുറിച്ചു. ഇന്ന് രാവിലെ 10.30 ന് കോളേജ് അങ്കണത്തിൽ വച്ച് നടന്ന പരിപാടിയിൽ നാല് ഓട്ടോറിക്ഷകൾക്ക് ഇ-പേ നൽകിയാണ് പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ നിർവഹിച്ചത്.700 ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ഡിജിറ്റൽ പണമിടപാടിനു സൗജന്യമായി സൗകര്യം ഒരുക്കുകയാണ് കോളേജിന്റെ ലക്ഷ്യം.
ബിസിഎം കോളജിന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി ഒരു മാസം മുൻപ് ടൗണിലെ ഓട്ടോറിക്ഷ സ്റ്റാൻഡുകളിൽ ബിസിഎം കോളജ് വിദ്യാർഥികൾ സർവേ നടത്തിയിരുന്നു.ലഭിക്കുന്ന വരുമാനം സൂക്ഷിക്കുന്നതും ഉപയോഗിക്കുന്നതും എങ്ങനെയെന്നുള്ള വിവരങ്ങളാണ് വിദ്യാർഥികൾ പഠനവിധേയമാക്കിയത്. സർവേയിൽ ഒട്ടേറെപ്പേർക്കു ഡിജിറ്റൽ പണം ഇടപാടിനെക്കുറിച്ച് കാര്യമായ അറിവില്ലെന്നും വിശ്വാസക്കുറവെന്നും കണ്ടെത്തി. ചിലപ്പോൾ ചില്ലറയില്ലാത്തതിനാൽ യാത്രക്കാർ പണം നൽകാത്ത സംഭവങ്ങൾ നടക്കുന്നുണ്ടെന്നും ഡ്രൈവർമാർ സങ്കടം പറഞ്ഞു.ഡിജിറ്റൽ പണമിടപാടിൻ്റെ ഗുണദോഷ വശങ്ങളെക്കുറിച്ച് അധ്യാപകരും,വിദ്യാർഥികളും ഇവർക്ക് ക്ലാസെടുത്തു.താൽപര്യം പ്രകടിപ്പിച്ച 700 പേർക്കു സ്വന്തം അക്കൗണ്ടിന്റെ ക്യൂ ആർ കോഡ് എടിഎം കാർഡിന്റെ രൂപത്തിലാക്കി നൽകും. ഇതിലേക്ക് കോളേജ് ഒരു രൂപ വീതം നിക്ഷേപിച്ച് ഡിജിറ്റൽ ഇടപാടിന്റെ വിശ്വാസ്യത ഉറപ്പാക്കും.