കോട്ടയം : ഇന്ത്യയിലെ സിവിൽ എഞ്ചിനീയറിംഗ് പ്രൊഫഷണലുകളെ ഒരുമിപ്പിക്കുകയും ശാസ്ത്രീയമായ അവബോധത്തോടെയും നൂതനമായ രീതികളിലൂടെയും സിവിൽ എഞ്ചിനീയറിങ് മേഖലയെ മുന്നോട്ടു നയിക്കുകയുമെന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട സംഘടനയാണ് ഇൻറഗ്രേറ്റഡ് സിവിൽ എഞ്ചിനീയേഴ്‌സ് കൗൺസിൽ (ICEC).കേരളത്തിലെ എല്ലാ ജില്ലകളിലുമായി ഐസിഇസിയുടെ ചാപ്റ്ററുകൾ പ്രവർത്തിക്കുന്നു. അംഗങ്ങളുടെ പ്രൊഫഷണൽ ഡിഗ്‌നിറ്റിയും സാമൂഹിക ഉത്തരവാദിത്വവും ഉറപ്പാക്കിക്കൊണ്ട്, നിർമ്മാണ മേഖലയിലെ ഗുണമേന്മ, സാങ്കേതിക നവീകരണം, പഠന-പരിശീലന പരിപാടികൾ, കോൺഫറൻസുകൾ, സെമിനാറുകൾ തുടങ്ങിയവയിലൂടെ സംഘടന വലിയ മുന്നേറ്റങ്ങൾ കൈവരിച്ചിട്ടുള്ളതാണ്.ഈ നേട്ടങ്ങളുടെ ആഘോഷമായി, ഐസിഇസിയുടെ മൂന്നാം വാർഷികാഘോഷം 2025 സെപ്റ്റംബർ 15-ാം തിയതി തിങ്കളാഴ്‌ച, രാവിലെ 10 മുതൽ വൈകിട്ട് 5 വരെ, കോട്ടയം ഗ്രാൻഡ് അമീന കോൺവെൻഷൻ സെൻ്ററിൽ വച്ച് നടക്കും.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 300-ലധികം സിവിൽ എഞ്ചിനീയർമാർ, കൺസൾട്ടന്റുമാർ, പ്രൊഫഷണലുകൾ പങ്കെടുക്കുന്ന ഈ സംഗമത്തിൽ ടെക്നിക്കൽ സെഷനുകൾ, കീ നോട്ട് അഡ്രസ്സുകൾ, പ്രൊഡക്റ്റ് ഷോകേസുകൾ, നെറ്റ് വർക്കിങ് അവസരങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്.പ്രധാനാതിഥിയായി ഡോ കെ.പി. പുരുഷോത്തമൻ പങ്കെടുക്കും. കൂടാതെ, ഡോ മഹാദേവൻപിള്ള, ഡോ ബിനോ ഐ. കോശി, ഡോ സുധീർ പടിക്കൽ, ഡോ സുധീഷ് ടി.കെ., ഡോ.അബൂബക്കർ,ഡോ ധന്യ ബി.എസ്. എന്നിവർ പാനൽ സെഷനുകളിൽ പങ്കെടുത്ത് വിവിധ വിഷയങ്ങളിൽ ആശയവിനിമയം നടത്തും.ഐസിഇസിയുടെ നേതൃത്വത്തിൽ വർഷങ്ങളായി സംഘടിപ്പിച്ചു വരുന്ന പഠനപരിപാടികൾ, സെമിനാറുകൾ, പരിശീലന ക്ലാസുകൾ, കരിയർ മെൻ്ററിംഗ്, ഇൻഡസ്ട്രി എക്സ്പോ എന്നിവയ്ക്ക് പുറമെ, ഇത്തവണത്തെ വാർഷികാഘോഷം പ്രൊഫഷണൽ രംഗത്ത് പുതിയ തലങ്ങൾ തുറക്കുന്ന മഹാസമ്മേളനമായിരിക്കും.സംഘടനയുടെ നേതൃത്വത്തിൽ സാമൂഹികവും സാങ്കേതികവുമായ മേഖലകളിൽ മുന്നേറ്റങ്ങൾ കൈവരിക്കുകയാണ്. കേരളത്തിലെ സിവിൽ എഞ്ചിനീയറിങ് മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തിക്കൊണ്ടുപോകുക എന്നതാണ് ഐസിഇസിയുടെ ഭാവിദൗത്യം.