കോട്ടയം : നിർമ്മാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ 5000 രൂപ ആയി വർദ്ധിപ്പിക്കുക, 15 മാസത്തെ പെൻഷൻ കുടിശിക ഉടൻ വിതരണം ചെയ്യുക, വ്യക്തിഗത ആനുകൂല്യ വിതരണത്തിലെ കാലതാമസം ഒഴിവാക്കുക, അംശാദായ വർദ്ധനവിന് ആനുപാദികമായി ആനുകൂല്യങ്ങളിൽ വർദ്ധനവ് വരുത്തുക, അപകട മരണം സംഭവിക്കുന്നവർക്ക് നൽകുന്ന ആനുകൂല്യങ്ങൾ സർവ്വീസ് കാലയളവിൽ വിവിധ കാരണങ്ങളാൽ മരണപ്പെടുന്നവർക്കും നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സംസ്ഥാന വ്യാപകമായി സമരം ആരംഭിക്കുവാൻ ഐക്യ സമരസമിതി സമ്മേളനം തീരുമാനിച്ചു.
സമരപരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം 2025 ജനുവരി 17 രാവിലെ 11 മണിക്ക് കോട്ടയത്ത് മോൻസ് ജോസഫ് എംഎൽഎ നിർവ്വഹിക്കും. കോട്ടയത്ത് നടത്തിയസമരപ്രഖ്യാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനം കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ. ജോസഫ് നിർവ്വഹിച്ചു. യൂണിയൻ സംസ്ഥാന വൈസ്പ്രസിഡന്റ് റോയി ചാണകപ്പാറ അധ്യക്ഷത വഹിച്ച യോഗത്തിൽ ജോസഫ് ബോണിഫസ്, എം.ൻ നാരായണൻ, സി.സി. ജോസ് രാജൻ ആരം പുളിക്കൽ, പി.എസ് രുഗ്മിണി, രാജമ്മ സുധാകരൻ,റജി വർഗീസ്, അബ്ദുൽ അസീസ്, ഉലഹന്നാൻ ആപ്പാഞ്ചിറ,രജീഷ് മണലേൽ ചിറയിൽ എന്നിവർ പ്രസംഗിച്ചു.