കോട്ടയം : വെള്ളിയാഴ്ച വൈകുന്നേരം ഉണ്ടായ ശക്തമായ കാറ്റിൽ നീണ്ടൂർ പഞ്ചായത്ത് ഒന്നാം വാർഡ് കൂറുമുള്ളൂർ പാറപ്പള്ളി ഭാഗത്ത് വീടിന് കേടുപാടുകൾ സംഭവിച്ചു. കുമാരമംഗലം വീട്ടിൽ ജയ്മോന്റ് വീടിനാണ് നാശനഷ്ടം നേരിട്ടത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെ ആയിരുന്നു സംഭവം. ശക്തമായ കാറ്റിൽ വീടിന്റെ മേൽക്കൂരയിലെ റൂഫിംഗ് ഷീറ്റ് പറന്നു പോവുകയും മേൽക്കൂരയിലെ ഒരു ഭാഗത്തെ ഓടുകൾ ഇളകി നിലത്ത് വീഴുകയും ചെയ്തു.
റൂഫിങ് ഷീറ്റ് ഫ്രെയുമോടുകൂടിയാണ് താഴേക്ക് പതിച്ചത്. ഈ സമയം ജയ്മോൻ ഭാര്യ ഷെറിൻ, മക്കളായ അഷ്ബിൻ, അലൻ എന്നിവർ വീട്ടിൽ ഉണ്ടായിരുന്നു.ഇവർ ഹാളിൽ ഇരുന്ന സമയത്താണ് ഓട് പൊട്ടി ഹാളിലേക്ക് വീണത്. തലനാരിയ്ക്കാണ് വൻ അപകടം ഒഴിവായത്. മഴപെയ്ത് വീടിനുള്ളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. റൂഫിംഗ് ഷീറ്റ് പറന്നുപോയ ഭാഗത്ത് താൽക്കാലികമായി പടുതവലിച്ച് കെട്ടിയിരിക്കുകയാണ്. 2 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തൽ.