കോട്ടയം : തിരുവല്ല നഗരസഭയിലെ 30,32 33 വാർഡുകളിൽ കൂടി കടന്നു പോകുന്ന പാലിയേക്കര കാട്ടൂക്കര റോഡ് വർഷങ്ങളായി താറുമാറായി കിടക്കുകയാണ്. വാഹനങ്ങൾക്കോ കാൽനടയാത്രക്കാർക്കോ ഒരുവിധത്തിലും സഞ്ചരിക്കാൻ സാധിക്കാത്ത വിധത്തിൽ തീർത്തും ശോചനീയാവസ്ഥയിലാണ്. തിരുവല്ല നഗരത്തിലേക്ക് ട്രാഫിക് കൂടാതെ കടന്നു പോകാൻ പറ്റുന്ന ഏക ബൈപ്പാസ് ആണ്.ഇന്ത്യൻ ഗ്യാസ് ഏജൻസി, സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി ആൾക്കാർ യാത്ര ചെയ്യുന്ന വഴിയാണിത്. മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിലേക്ക് വേഗത്തിൽ എത്തി ചേരാൻ ഈ വഴിയാണ് ഉപയോഗിക്കുന്നത്. പല വാഹനങ്ങൾക്കും യാത്രക്കാർക്കും നിരന്തരം കുഴികളിലും മറ്റും വീണ് അപകടം ഉണ്ടാകുന്നു. നിരന്തരമായി കൗൺസിലിൽ ബിജെപി കൗൺസിലർമാർ ആവശ്യം ഉന്നയിക്കുകയും ടെൻഡർ നടപടികൾ ഉൾപ്പെടെ പൂർത്തീകരിക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നാൽ കോൺട്രാക്ടർമാർക്ക് പലപ്പോഴും പണം ലഭിക്കാതെ ഇരിക്കുകയും അവർ പണികൾ പൂർത്തീകരിക്കാതിരിക്കുകയും ചെയ്യുന്നു. നഗരസഭയുടെ ഭാഗത്തുനിന്നും എത്രയും വേഗം ഈ പണികൾ പൂർത്തീകരിക്കണമെന്ന് വാർഡ് കൗൺസിലർ പൂജാ ജയൻ ആവശ്യപ്പെട്ടു.