ഈരാറ്റുപേട്ട : മരങ്ങളിൽ വലിഞ്ഞ് കയറിയും വള്ളികളിൽ ഊഞ്ഞാലാടിയും പാട്ടും കവിതകളുമായി വിദ്യാർത്ഥികൾ വനസ്തലിയിലൂടെ ഓടി നടന്നു.ലോക മഴക്കാട് ദിനത്തിൽ മലയിഞ്ചിപ്പാറ വനസ്തലിയിൽ ഒത്ത് ചേർന്ന ഈരാറ്റുപേട്ട ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ഇക്കോ ക്ലബ് വിദ്യാർത്ഥികൾക്ക് വിവിധയിനം മരങ്ങളും ഔഷധ സസ്യങ്ങളും പക്ഷികളും ശലഭങ്ങളും അപൂർവ കാഴ്ചകളായി.മണ്ണിനെയും മരങ്ങളെയും മനുഷ്യനുവേണ്ടി പ്രണയിച്ച വനസ്ഥലിയുടെ ഉപജ്ഞാതാവായ ദേവസ്യ സെബാസ്റ്റ്യൻ്റെ പരിസ്ഥിതിദർശനത്തെ കുറിച്ച് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ എബി പൂണ്ടിക്കുളത്തിൽ നിന്നും വിശദമായി കുട്ടികൾ ചോദിച്ചറിഞ്ഞു. വനസ്ഥലിയിൽ പടർന്ന് പന്തലിച്ചു നിൽക്കുന്ന വൻ വൃക്ഷങ്ങളും വള്ളിപ്പടർപ്പുകളും അവയ്ക്കിടയിൽ ജീവിക്കുന്ന പക്ഷി മൃഗാദികളും ഏർമാടങ്ങളും ഗുഹയുമൊക്കെ കുട്ടികളെ നന്നായി ആകർഷിച്ചു.വിദ്യാർത്ഥികളെ അനുഗമിച്ച എസ്.എം.ഡി.സി.ചെയർമാൻ വി.എം അബ്ദുള്ളാ ഖാൻ ആലപിച്ച ദുര മൂത്തു നമ്മൾക്ക് പുഴ കറുത്തൂ..എന്ന കവിത വിദ്യാർത്ഥികൾ ഉച്ചത്തിൽ ഏറ്റ് പാടി.പണത്തിന്റെ വിനിമയം ഇല്ലാതെ ഭക്ഷണത്തിൻ്റെ പങ്കുവയ്ക്കൽ എന്നമഹത്തായ വിത്തു കുട്ട സംരംഭത്തിന്റെ പ്രവർത്തനങ്ങൾ കുട്ടികൾ നേരിൽ കണ്ടു മനസ്സിലാക്കി.വിത്തു കുട്ടയിൽ നിന്നും ലഭിച്ച വൃക്ഷത്തൈകൾ പി. ടി.എ.പ്രസിഡൻ്റ് അനസ് പാറയിൽ,നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഹാന ജിയാസ്,ഹെഡ്മിസ്ട്രസ്സ് സിസി പൈകടയിൽ എന്നിവർ ചേർന്ന് സ്കൂൾ വളപ്പിൽനട്ടു.പരിസ്ഥിതിക്ക് വേണ്ടി ജാഗ്രതയോടെ ഇടപെടുന്ന എബി പൂണ്ടിക്കുളത്തെ ഇക്കോ ക്ലബ്ബിലെ കുട്ടികൾ പൊന്നാട അണിയിച്ചു ആദരിച്ചു.അധ്യാപകരായ അഗസ്റ്റിൻ സേവിയർ,സന്തോഷ് മാത്യു,സൗമ്യ മോൾ, ജാൻസി ജേക്കബ് എന്നിവർ നേതൃത്വം നൽകി.