കോട്ടയം : കോട്ടയം നാട്ടകം പാക്കിൽ കവല ചെട്ടികുന്ന് റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ റോഡിലെ കുഴിയിൽ വാഴ നട്ട് യുവാക്കളുടെ പ്രതിഷേധം. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു പ്രദേശവാസികളായ യുവാക്കളുടെ നേതൃത്വത്തിൽ റോഡിൽ വാഴനട്ട് പ്രതിഷേധിച്ചത്. ഏകദേശം രണ്ട് മാസത്തോളമായി ഈ റോഡ് അപകടാവസ്ഥയിൽ കിടക്കാൻ തുടങ്ങിയിട്ട്. ദിവസേന സ്കൂൾ വാഹനങ്ങളും സ്വകാര്യ ബസ്സുകൾ ഉൾപ്പെടെ സർവീസ് നടത്തുന്ന പ്രധാന റോഡ് കൂടിയാണിത്.
ദിവസവും ഇവിടുത്തെ കുഴികളിൽ വീണ് അപകടങ്ങൾ പതിവ് കാഴ്ചയായി മാറുകയാണ്. പലതവണയായി പരാതികൾ നൽകിയിട്ടും അധികാരികളുടെ ഭാഗത്ത് നിന്ന് റോഡ് നന്നാക്കാൻ വേണ്ട യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല.ഇതിന് പിന്നാലെയാണ് ഇന്ന് വൈകുന്നേരം ആറുമണിയോടുകൂടി പ്രദേശത്തെ യുവാക്കളായ ജെഫിൻ,ഗൗതം, അഭിനവ്, ആദിത്യൻ,ആഷിക്, അർജുൻ എന്നിവർ ചേർന്ന് പ്രതിഷേധ സൂചകമായും, റോഡിലെ അപകട മുന്നറിയിപ്പായും വാഴ നട്ടത്.