കോട്ടയം: പാലായിൽ നായ് വളർത്തൽ കേന്ദ്രത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്. തീക്കോയി മുപ്പതേക്കറിലെ വീട്ടിൽ ഈരാറ്റുപേട്ട പൊലീസ് നടത്തിയ റെയ്ഡിൽ ആറരക്കിലോയോളം കഞ്ചാവ് പിടികൂടി. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. തീക്കോയി മംഗളഗിരി മുപ്പതേക്കറിലാണ് ആളൊഴിഞ്ഞ മേഖലയിലെ ഒറ്റപ്പെട്ട വീട്ടിൽ നടത്തിയിരുന്ന കഞ്ചാവ് കേന്ദ്രം കണ്ടെത്തിയത്.
ഈരാറ്റുപേട്ട സ്വദേശിയുടെ പക്കൽ നിന്നും വാടകയ്‌ക്കെടുത്ത വീട്ടിലായിരുന്നു സംഭരണവും വിൽപനയും. നടത്തിപ്പുകാരനായ കടുവാമുഴി തൈമഠത്തിൽ സാത്താൻ ഷാനു എന്നു വിളിക്കുന്ന ഷാനവാസ്, നിഷാദ് എന്നിവർ റെയ്ഡിനെത്തിയ സംഘത്തെ കണ്ട് ഇരുചക്ര വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു. ഇയാളുടെ സഹായി സഞ്ചുവിനെ പൊലീസ് പിടികൂടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രധാന റോഡിൽ നിന്നും ഒരു കിലോമീറ്ററോളം ഉള്ളിലായി റബർ തോട്ടത്തിന് നടുവിലെ ചെറിയ വീട്ടിലായിരുന്നു കാലങ്ങളായി കഞ്ചാവ് വിൽ പന. നായ വളർത്തലും വിൽപനയും എന്നാണ് പറഞ്ഞിരുന്നതെങ്കിലും രാത്രികാലങ്ങളിലടക്കം വാഹനങ്ങൾ വന്നു പോകുന്നത് പ്രദേശവാസികൾ ശ്രദ്ധിച്ചിരുന്നു. ഈരാറ്റുപേട്ട പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ശനിയാഴ്ച പുലർച്ചെ ആറ് മണിയോടെ , ഈരാറ്റുപേട്ട എസ്.ഐ വി.വി. വിഷ്ണുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം റെയ്ഡ് നടത്തുകയായിരുന്നു. അൽസേഷ്യൻ, ലാബ് അടക്കം ആറോളം മുന്തിയ ഇനം നായ്ക്കളും വീട്ടിലുണ്ടായിരുന്നു.
ഓടി രക്ഷപെട്ട ഷാനവാസ് സ്ഥിരം കഞ്ചാവ് വിൽപനക്കാരനാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ മറ്റ് കേസുകൾ നിലവിലുണ്ട്. ഓടിരക്ഷപ്പെട്ടവർക്കായി അന്വേഷണം ഊർജിതമാക്കി. പാലാ ഡിവൈഎസ്പി ഷാജു ജോസിന്റെ നിർദ്ദേശപ്രകാരം ഈരാറ്റുപേട്ട സബ് ഇൻസ്‌പെക്ടർ വി.വി. വിഷ്ണുവിന്റെ നേതൃത്വത്തിൽ സിപിഒ മാരായ ശരത്, ജോബി, അനീഷ് മോൻ, പ്രൊബേഷൻ എസ്‌ഐ സുജലേഷ്, അനീഷ്, വിനയരാജ്, നാരായണൻ നായർ , അനിൽകുമാർ , ഗ്രേഡ് എസ് ഐ. ബ്രഹ്മദാസ് , സോനു , അനീഷ് , രാജേഷ് എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു. മേലുകാവ് എസ് എച്ച് ഒ സജീവ് ചെറിയാൻ, മരങ്ങാട്ടുപിള്ളി എസ്.എച്ച്.ഒ. അജേഷ് എന്നിവർ തുടർനടപടികൾക്ക് നേതൃത്വം നൽകി.