പാലാ: മുണ്ടാക്കലിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ തുടരുന്ന അന്നാമോളുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ചു അഭ്യൂഹം പ്രചരിക്കുന്നതിനിടെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി പാലാ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി. കഴിഞ്ഞ മൂന്നു ദിവസമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അന്നമോളുടെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ് എന്ന് ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. കുട്ടി മരിച്ചതായി വ്യാജ പ്രചാരണം ഉണ്ടായ സാഹചര്യത്തിലാണ് ഇപ്പോൾ ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയിരിക്കുന്നത്.
പാലാ മുണ്ടാക്കലിലുണ്ടായ വാഹനാപകടത്തിൽ പാലാ ഇടമറുക് മേലുകാവ് നെല്ലാങ്കുഴിയിൽ വീട്ടിൽ ധന്യ സന്തോഷ് (38), അന്തിനാട് പാലാക്കുഴക്കുന്നേൽ വീട്ടിൽ ബെന്നിയുടെ ഭാര്യ ജോമോൻ ബെന്നി (35) എന്നിവരാണ് മരിച്ചത്. അപകടത്തിൽപ്പെട്ട സ്‌കൂട്ടറിൽ അമ്മയോടൊപ്പം യാത്ര ചെയ്യുകയായിരുന്നു അന്നമോൾ. ഈ അപകടത്തിൽ പരിക്കേറ്റ അന്നെയ അഞ്ചാം തീയതിയാണ് മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാലാ തൊടുപുഴ റോഡിൽ പ്രവിത്താനത്തിന് സമീപം മുണ്ടാങ്കൽ പള്ളിക്ക് സമീപം ആഗസ്റ്റ് അഞ്ചിനു രാവിലെ 9:30 യോടെയാണ് അപകടം ഉണ്ടായത്. കുട്ടിയ്ക്ക് ഗുരുതരമായ പരിക്കുണ്ടെന്നാണ് മെഡിക്കൽ ബുള്ളറ്റിൻ പറയുന്നത്. ആവശ്യമായ എല്ലാ വിധ ചികിത്സയും നൽകുന്നുണ്ട്. ജീവൻരക്ഷാ മാർഗങ്ങളെല്ലാം ഉപയോഗിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.