കോട്ടയം: പാലായ്ക്കും ഈരാറ്റുപേട്ടയ്ക്കും പിന്നാലെ പാമ്പാടിയിലും ശശി തരൂരിന് പിൻതുണയുമായി കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം. തരൂരിനെ പിൻതുണയ്ക്കുന്നതിനൊപ്പം, ശശി തരൂരിന് അഭിവാദ്യങ്ങൾ എന്ന ഫ്ളക്സുമായാണ് കോൺഗ്രസ് പ്രവർത്തകർ പുതുപ്പള്ളിയിൽ പ്രകടനം നടത്തിയത്. പുതുപ്പള്ളിയിലെ കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് പ്രവർത്തകർ പ്രകടനം നടത്തിയത്. പാമ്പാടി പഞ്ചായത്ത് അംഗങ്ങളായ അനീഷ് ഗ്രാമറ്റം, സെബാസ്റ്റ്യൻ ജോസഫ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. പുതുപ്പള്ളി കോൺഗ്രസ് പ്രവർത്തകരെന്ന പേരിൽ നടത്തിയ പ്രകടനത്തിൽ മുപ്പതോളം കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു. പാമ്പാടി പെട്രോൾ പമ്പ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം ബസ് സ്റ്റാൻഡിൽ അവസാനിച്ചു.
നേരത്തെ കോട്ടയം ഈരാറ്റുപേട്ടയിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു. പാലായിൽ കോൺഗ്രസ് പ്രവർത്തകർ ശശി തരൂർ അനുകൂല ഫ്ളക്സ് ബോർഡും സ്ഥാപിച്ചിരുന്നു. പുതുപ്പള്ളിയിൽ തോട്ടയക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശശി തരൂർ അനുകൂല പ്രമേയവും പാസാക്കി. കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കൾ അടക്കമുള്ളവർ ശശി തരൂരിനെ പിൻതുണയ്ക്കുന്ന കാര്യത്തിൽ ഭിന്ന നിലപാട് സ്വീകരിക്കുമ്പോഴാണ് പാമ്പാടിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തിയത്.