കോട്ടയം: പാറേച്ചാൽ ബൈപ്പാസിൽ സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളി. കഴിഞ്ഞ ദിവസം രാത്രിയിൽ എത്തിയ സംഘമാണ് റോഡരികിൽ സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളിയത്. ഇതേ തുടർന്ന് പ്രദേശമാകെ ദുർഗന്ധമായി. പാറേച്ചാൽ ബൈപ്പാസിന്റെ മധ്യഭാഗത്തായാണ് കഴിഞ്ഞ ദിവസം രാത്രിയിൽ സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളിയത്. ഇതേ തുടർന്ന് നാട്ടുകാർ കടുത്ത പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഈ പ്രദേശം കേന്ദ്രീകരിച്ച് വലിയ തോതിൽ മാലിന്യം തള്ളുന്നതായി പരാതിയുണ്ട്. പ്രദേശത്ത് രാത്രി ആയാൽ വാഹനങ്ങളുടെയും ആളുകളുടെയും സഞ്ചാരം കുറവാണ്. ഇത് മുതലെടുത്താണ് സംഘം എത്തി മാലിന്യം തള്ളുന്നത്.
കഴിഞ്ഞ ദിവസം രാത്രിയിൽ പ്രദേശത്ത് തോട്ടിലേയ്ക്ക് പോലും കക്കൂസ് മാലിന്യം തള്ളുന്ന സാഹചര്യമുണ്ടായിരുന്നു. ഇത് കൂടാതെ ഇന്നലെ രാത്രിയിൽ റോഡിലും മാലിന്യം തള്ളി. പാറേച്ചാൽ ബൈപ്പാസിന്റെ മധ്യഭാഗത്തായി താറാവ് കർഷകർ മുട്ട വിൽപ്പനയ്ക്കായി ടെന്റ് കെട്ടിയിട്ടുണ്ട്. ഈ ടെന്റിന്റെ സമീപത്തായാണ് ഇത്തരത്തിൽ മാലിന്യം തള്ളിയിരിക്കുന്നത്. ഇത് സാധാരണക്കാരായ ആളുകൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. മാലിന്യം ഇത്തരത്തിൽ തള്ളിയതോടെ , റോഡിലൂടെ പോലും നടക്കാനാവാത്ത സ്ഥിതിയായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടെ ഇന്ന് രാവിലെ നഗരസഭ അധികൃതർ ടാങ്കിൽ വെള്ളം എത്തിച്ച് റോഡ് കഴുകി വൃത്തിയാക്കി. കഴിഞ്ഞ ദിവസം കളത്തിക്കടവിലും സമാന രീതിയിൽ റോഡരികിൽ കക്കൂസ് മാലിന്യം തള്ളിയിരുന്നു. ഇത്തരത്തിൽ റോഡിൽ കക്കൂസ് മാലിന്യം തള്ളുന്ന സംഘത്തിന് എതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.