കോട്ടയം : ജില്ലയിൽ വീണ്ടും പെട്രോൾ പമ്പിൽ മോഷണം. ഗാന്ധിനഗറിലെ പമ്പിൽ നിന്നും ജീവനക്കാർ ഏഴ് ലക്ഷത്തോളം രൂപ കവർന്നതിന് പിന്നാലെയാണ് കോട്ടയം ഏറ്റുമാനൂർ 10 കവലയിൽ പെട്രോൾ പമ്പിൽ കവർച്ച നടന്നത്. കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ ബുള്ളറ്റിൽ എത്തിയ മൂന്നംഗ സംഘം ആണ് മോഷണം നടത്തിയത്. പമ്പിൻ്റെ ഓഫിസിൽ സൂക്ഷിച്ച അയ്യായിരത്തോളം രൂപ നഷ്ടമായിട്ടുണ്ട്. ഏറ്റുമാനൂർ 101 കവലയിൽ പ്രവർത്തിക്കുന്ന ഊനാട്ട് ഫ്യൂവൽസിലാണ് മോഷണം നടന്നത്.
രാത്രി ഒരു മണിയോടെ കോട്ടയം ഭാഗത്ത് നിന്ന് ബുള്ളറ്റ് ബൈക്കിൽ എത്തിയ മൂന്നംഗ സംഘം പമ്പിനുള്ളിൽ കയറിയ ശേഷം ഗ്ലാസ് ഡോർ ബലം പ്രയോഗിച്ച് അകത്തിയാണ് പ്രതികൾ ഉള്ളിൽ കടന്നത്. തുടർന്ന് , പമ്പിനുള്ളിൽ നിന്നും പണം മോഷ്ടിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതികൾ ബുള്ളറ്റിൽ തന്നെ കയറി കോട്ടയം ഭാഗത്തേയ്ക്ക് ഓടിച്ച് പോയി. പമ്പ് ഉടമയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. അടിക്കടി പെട്രോൾ പമ്പുകൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളിലും മോഷണങ്ങളിലും സർക്കാർ കർശന ഇടപെടൽ നടത്തണമെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്സ് സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ എബ്രഹാം ആവശ്യപ്പെട്ടു. ഇത്തരം വിഷയങ്ങളിൽ കർശന നടപടി എടുക്കാത്തത് മൂലമാണ് ഇത്തരം അതിക്രമങ്ങൾ ആവർത്തിച്ച റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതിനെതിരെ ശക്തമായ പ്രതികരണം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.