കോട്ടയം: പെറ്റിക്കേസിനെച്ചൊല്ലി കോട്ടയത്ത് കോടതിവളപ്പിലുണ്ടായ വിഷയത്തിൽ വഴിത്തിരിവ്. വിഷയത്തിൽ ലീഗൽ സർവീസ് അതോറിറ്റിയ്ക്കെതിരെ അതിരൂക്ഷമായ വിമർശനവുമായി അഭിഭാഷകരും ബാർ അസോസിയേഷനും രംഗത്ത് എത്തി. കക്ഷികളുടെ കയ്യിൽ നിന്നും അപേക്ഷകൾ എഴുതി വാങ്ങുന്നതും കോടതി വരാന്തയിൽ വച്ചു തന്നെ സമൻസ് നൽകുന്നതിനും ലീഗൽ സർവീസ് അതോറിറ്റി മുൻകൈ എടുക്കുന്നതിനെതിരെയാണ് ഇപ്പോൾ അഭിഭാഷകർ രംഗത്ത് എത്തിയിരിക്കുന്നത്. വിഷയത്തിൽ അടിയന്തരമായി തീരുമാനമുണ്ടാക്കിയില്ലെങ്കിൽ അദാലത്ത് ബഹിഷ്കരിക്കുന്നത് അടക്കമുള്ള കർശന നടപടികളിലേയ്ക്കു കടക്കുന്നതിനാണ് ഇപ്പോൾ അഭിഭാഷകർ ആലോചിക്കുന്നത്. കർശന നടപടികൾ ആലോചിക്കുന്നതിന്റെ ഭാഗമായി അഭിഭാഷകരുടെ നേതൃത്വത്തിൽ ബുധനാഴ്ച ബാർ അസോസിയേഷൻ ജനറൽ ബോഡി യോഗം ചേരും.
വെള്ളിയാഴ്ച മുതൽ ആരംഭിച്ച വിഷയങ്ങളാണ് വിവാദമായി ഒടുവിൽ മാറിയത്. കൊവിഡ് കാലം മുതൽ കെട്ടിക്കിടക്കുന്ന പെറ്റിക്കേസുകൾ തീർപ്പാക്കുന്നതിനായി ഹൈക്കോടതിയുടെ നിർദേശാനുസരണം പൊലീസും ജില്ലാ കോടതിയും ചേർന്നു നടത്തിയ ഇടപെടലുകളാണ് വിവാദമായി മാറിയത്. കഴിഞ്ഞ ദിവസങ്ങളിൽ കോടതി വരാന്തയിൽ പൊലീസും ലീഗൽ സർവീസ് അതോറിറ്റി വോളണ്ടിയർമാരും ചേർന്ന് ബഞ്ച് സ്ഥാപിച്ച് കേസുകൾ ഒത്തു തീർപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കക്ഷികളുടെ കയ്യിൽ നിന്നും ലീഗൽ സർവീസ് അതോറിറ്റി വോളണ്ടിയർമാർ ചേർന്നു അപേക്ഷ എഴുതി വാങ്ങിയതാണ് വിവാദമായി മാറിയത്. ഈ അപേക്ഷയിൽ കോർഡ് ഫീ സ്റ്റാമ്പ് ഒട്ടിച്ച് ലീഗൽ സർവീസ് അതോറിറ്റി വോളണ്ടിയർമാർ തന്നെ കോടതിയിൽ അപേക്ഷ സമർപ്പിക്കുകയും, പിഴ അടയ്ക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഒന്നാണ് ഇതിനുള്ള അപേക്ഷ എഴുതി തയ്യാറാക്കി നൽകിയതെന്ന് അഭിഭാഷകർ ആരോപിക്കുന്നു. ഇതേ തുടർന്നാണ് അഭിഭാഷകർ പരാതിയുമായി രംഗത്ത് എത്തിയത്.
ലീഗൽ സർവീസ് അതോറിറ്റിയുടെ ചെയർമാൻ അഡീഷണൽ ജില്ലാ ജഡ്ജിയാണ്, സെക്രട്ടറി സബ് ജഡ്ജും. എന്നാൽ, കേസുകൾ കോടതിയ്ക്കു പുറത്ത് തീർപ്പാക്കാൻ ലീഗൽ സർവീസ് അതോറിറ്റി പലപ്പോഴും ശ്രമിക്കാറുണ്ട്. ഇത്തരത്തിൽ ശ്രമിക്കുന്ന അതോറിറ്റി വിവരം തങ്ങളെ അറിയിക്കാറേയില്ലെന്നും അഭിഭാഷകർ പറയുന്നു. കേസുകൾ അതിവേഗം തീർപ്പാക്കുന്നതിനും, പൊലീസ് ഉദ്യോഗസ്ഥർ പ്രതികളെ വേഗം തന്നെ വിളിച്ചു വരുത്തുന്നതിനും, പ്രതികളായവർ കോടതിയിൽ കയറി പിഴ അടച്ച് കേസ് ഒഴിവാക്കുന്നതിനും തങ്ങൾ എതിരല്ലെന്നു അഭിഭാഷകർ പറയുന്നു. എന്നാൽ, തങ്ങളുടെ ജോലി അനധികൃതമായി ലീഗൽ സർവീസ് അതോറിറ്റി വോളണ്ടിയർമാർ ഏറ്റെടുക്കുന്നതാണ് തങ്ങളുടെ വിമർശനത്തിന് ഇടയാക്കിയതെന്നു അഭിഭാഷകർ പറയുന്നു. ഈ സാഹചര്യത്തിൽ അനാവശ്യമായി ലീഗൽ സർവീസ് അതോറിറ്റി വോളണ്ടിയർമാർ നടത്തുന്ന ഇടപെടലുകൾക്കെതിരെയാണ് തങ്ങൾ രംഗത്ത് എത്തിയതെന്നും അഭിഭാഷകർ വ്യക്തമാക്കുന്നു.