കോട്ടയം : വയോധിക വാഹനം ഇടിച്ചു കൊല്ലപ്പെട്ട സംഭത്തിൽ നിർത്താതെ പോയ വാഹനം അതിർത്തി കടന്ന് കസ്റ്റഡിയിൽ എടുത്ത് മുണ്ടക്കയം പോലീസ്. കഴിഞ്ഞ ഡിസംബർ 15 രാവിലെ 9.30 ആയിരുന്നു വിഷയത്തിന് ആസ്പദമായ സംഭവം. പാതയോരത്തു കൂടി നടന്നു പോയ പുതുപ്പറമ്പിൽ തങ്കയെ കോരുത്തോട് പനക്കച്ചിറയിൽവച്ച് ശബരിമല തീർഥാടന വാഹനം ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ തങ്ക തുടർന്ന് മരിക്കുകയും ചെയ്തു. ഇവരെ ഇടിച്ച ശേഷം വാഹനം നിർത്താതെ പോവുകയായിരുന്നു. തുടർന്ന് ഇടിച്ച വാഹനം കണ്ടെത്താൻ മുൻ മുണ്ടക്കയം എസ്എച്ച്ഒ ഷൈൻ കുമാറിന്റെ നേതൃത്വത്തിൽ ഒരു അന്വേഷണ സംഘത്തെ നിയോഗിച്ചു, ഈ സംഘത്തിൽ ഷൈൻ കുമാറിനോടൊപ്പം എസ് ഐ മനോജ്, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥർമാരായ രഞ്ജിത്ത് എസ് നായർ, ജോഷി എം തോമസ്, ജോൺസൺ തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.
ഇവർ മുണ്ടക്കയം മുതൽ കമ്പം വരെയുള്ള സ്ഥാപനങ്ങളിലെയും, വഴിയോരത്തെയും സിസിടിവി കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തിൽ ഇവരെ ഇടിച്ചത് എർട്ടിഗ കാറാണെന്ന് തിരിച്ചറിഞ്ഞു.തുടർന്ന് വാഹനത്തിൻറെ നമ്പർ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് വാഹനം സംസ്ഥാനത്തിന് പുറത്തുവന്ന തീർത്ഥാടകരുടേതെന്ന് തിരിച്ചറിയുന്നത്. തുടർന്ന് നടന്ന പരിശോധനയിലാണ് വാഹനം ഹൈദരാബാദ് സ്വദേശികളുടേതാണെന്ന് കണ്ടെത്തിയത്. ലോകസഭ ഇലക്ഷന് ഭാഗമായി മുണ്ടക്കയം എസ് എച്ച് ഒ ഷൈൻ കുമാർ സ്ഥലംമാറി പോവുകയും മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ പുതിയതായി ചാർജ് എടുത്ത ത്രീദീപ് ചന്ദ്രന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കുകയുമായിരുന്നു. മുണ്ടക്കയത്തു നിന്നും എസ് ഐ മനോജ്, ജോഷി എം തോമസ് ഹൈദരാബാദിൽ എത്തുകയും വാഹന ഉടമയെ കണ്ടെത്തുകയും വാഹനം ഉടൻ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.