പൊൻകുന്നത്തു നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ
കോട്ടയം: പൊൻകുന്നം കൂരാലിയിൽ ഹോട്ടൽ കേന്ദ്രീകരിച്ച് ലോക്ക് ഡൗൺ ദിവസങ്ങളിലും, ഡ്രൈഡേയിലും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന നൂറ് ലിറ്ററിലധികം വിദേശ മദ്യം പൊലീസ് പിടികൂടി. 211 കുപ്പിയിലായി 105.5 ലിറ്റർ വിദേശമദ്യവുമായി പൊൻകുന്നത്തെ ശ്യാം ഹോട്ടൽ ഉടമ കൂരാലി അരീപ്പാറയ്ക്കൽ ശരത്തിനെ (30)യാണ് പൊൻകുന്നം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ സജിൻ ലൂയിസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ലോക്ക് ഡൗൺ ദിവസമായ ഞായറാഴ്ചയും, ഡ്രൈഡേ ആയ ഫെബ്രുവരി ഒന്നിനും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മദ്യമാണ് പിടിച്ചെടുത്തത്.
പൊൻകുന്നം കൂരാലിയിൽ പ്രവർത്തിക്കുന്ന ശ്യാം ഹോട്ടലിന്റെ ഉടമയായ ശരത്ത് ഈ ഹോട്ടൽ കേന്ദ്രീകരിച്ചാണ് മദ്യം വാങ്ങി സൂക്ഷിച്ചിരുന്നത്. ഡ്രൈ ഡേ ദിവസങ്ങളിലും ലോക്ക് ഡൗൺ സമയത്തും വിൽക്കുന്നതിനായി നേരത്തെ തന്നെ ബിവറേജുകളിൽ നിന്നും മൂന്നു ലിറ്റർ വീതം മദ്യം ഇയാൾ വാങ്ങി സൂക്ഷിക്കുമായിരുന്നു. ഇതിന് ശേഷം മദ്യം ലഭിക്കാത്ത ദിവസങ്ങളിൽ കൂടിയ വിലയ്ക്കു മദ്യം വിതരണം ചെയ്യുകയായിരുന്നു പതിവ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
420 രൂപ വിലയുള്ള ഒരു കുപ്പി മദ്യം 600 രൂപയ്ക്കാണ് ഇയാൾ വിറ്റിരുന്നത്. കഴിഞ്ഞ ഞായറാഴ്ച ലോക്ക് ഡൗൺ ദിവസം ഇയാൾ മദ്യം വിതരണം ചെയ്തിരുന്നതായി പൊലീസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ ന്ിർദേശാനസുരണം, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എൻ.ബാബുക്കുട്ടന്റെ നേതൃത്വത്തിൽ ദിവസങ്ങളായി പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതേ തുടർന്നാണ് ലോക്ക് ഡൗൺ ദിവസമായ ഞായറാഴ്ച മദ്യം സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തിയത്.
തുടർന്നു, ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഇയാളുടെ ഉടമസ്ഥതയിലുള്ള ശ്യാം ഹോട്ടൽ റെയിഡ് ചെയ്ത് മദ്യം പിടിച്ചെടുക്കുകയായിരുന്നു. പരിശോധനയ്ക്കു എസ്.എച്ച്.ഒ സജിൻ ലൂയിസ്, എസ്.ഐ രാജേഷ്, സീനിയർ റിച്ചാർഡ്, ജയകുമാർ, ഷാജു ചാക്കോ, സന്തോഷ്, രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകും. പ്രതിയെ കോടതിയിൽ ഹാജരാക്കും.