ഇളങ്കുളം സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ്; 27 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ബാങ്ക് സെക്രട്ടറി വിജിലൻസ് പിടിയിൽ; പിടിയിലായത് വിദേശത്തേയ്ക്ക് തിരികെ മടങ്ങാൻ ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തിൽ നിന്നും

കോട്ടയം: ഇളങ്കുളം സർവീസ് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് 27 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ബാങ്ക് സെക്രട്ടറി വിജിലൻസ് പിടിയിലായി. കാഞ്ഞിരപ്പള്ളി പനമറ്റം മുളങ്കുന്നത്ത് പറമ്പിൽ ഗോപിനാഥൻ നായരെയാണ് കോട്ടയം വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ് ബ്യൂറോ സംഘം അറസ്റ്റ് ചെയ്തത്. 1998 ൽ രജിസ്റ്റർ ചെയ്ത 12 ഓളം കേസുകളിൽ പ്രതിയായിരുന്നു ഇയാൾ. ഇതേ തുടർന്ന് ഇയാൾ വിദേശത്തേയ്ക്ക് രക്ഷപെടുകയായിരുന്നു. ഇളംകുളം സർവീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ടാണ് എല്ലാ കേസുകളും രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ, വിജിലൻസ് കേസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ ഇയാൾ വിദേശത്തേയ്ക്കു കടന്നു. തുടർന്ന് ഇയാൾക്കെതിരെ വിജിലൻസ് സംഘം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിയ്ക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ഇയാൾ വിദേശത്തു നിന്നും മടങ്ങിയെത്തി. നാട്ടിൽ നിന്നും തിരികെ മടങ്ങുന്നതിനായി വിമാനത്താവളത്തിൽ എത്തിയപ്പോൾ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും വിജിലൻസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. എമിഗ്രേഷൻ വിഭാഗം ഇയാളെ തടഞ്ഞ് വച്ച് നെടുമ്പാശേരി പൊലീസിനു കൈമാറി. തുടർന്ന് പൊലീസ് സ്റ്റേഷനിൽ എത്തിയ വിജിലൻസ് സംഘം ഇയാളെ കസ്റ്റഡിയിൽ വാങ്ങി. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയ്‌ക്കെതിരെ 26 പുതിയ വാറണ്ടുകൾ പുറപ്പെടുവിച്ചിരുന്നു. ഈ കാലയളവിൽ ഇയാൾക്കെതിരെ 38 വാറണ്ടുകളാണ് വിജിലൻസ് സംഘം പുറപ്പെടുവിച്ചത്.

Advertisements

Hot Topics

Related Articles