കൊല്ലാട്: ഹൈക്കോടതി ഉത്തരവിന്റെ മറവിൽ വൃദ്ധയുടെ ഉപജീവനം തടഞ്ഞ് ഫാക്ടറി ഉടമ.സിപിഐ പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് ഇവരുടെ ഉപജീവനമാർഗ്ഗമായ ലോട്ടറി ബങ്ക് തിരികെ സ്ഥാപിച്ചു. പൂവൻതുരുത്ത് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലാണ് സംഭവം. ഇവിടെ പ്രവർത്തിക്കുന്ന ഡോൾഫിൻ കമ്പനി ഉടമ മണർകാട് സ്വദേശി പി സി ജോസഫ് അടുത്തയിടെ പ്രദേശത്ത് പുതിയ കമ്പനികൂടി വാങ്ങി പ്രവർത്തനം ആരംഭിച്ചിരുന്നു. കമ്പനിക്ക് റോഡിലേക്ക് പുതിയ ഗേറ്റും സ്ഥാപിച്ചു. ഗേറ്റിന് സമീപത്തായാണ് പൂവൻതുരുത്ത് സ്വദേശിനി പുത്തൻപറമ്പിൽ സരസമ്മ വർഷങ്ങളായി ഉപജീവനത്തിനായി ലോട്ടറി ബങ്ക് നടത്തുന്നത്.
ഭർത്താവ് മരിച്ച എൺപത് വയസ് പ്രായമുള്ള ഇവരുടെ ഏക ഉപജീവനമാർഗ്ഗമാണിത്. എന്നാൽ, ഈ ബങ്ക് ഇവിടെ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് കമ്പനി ഉടമ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കമ്പനിയിലേക്കുള്ള പ്രവേശനം തടസ്സെടുത്താത്തവിധം ബങ്ക് പുനസ്ഥാപിച്ചുനൽകാൻ ഹൈക്കോടതി പിഡബ്ല്യുഡി, പഞ്ചായത്ത് , കളക്ടർ അടക്കമുള്ളവരെ ചുമതലപ്പെടുത്തിക്കൊണ്ട് വിധി പുറപ്പെടുവിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സരസമ്മയ്ക്ക് നോട്ടീസ് നൽകി. തുടർന്ന് അനുയോജ്യമായ സ്ഥലത്തേക്ക് ബങ്ക് പുനസ്ഥാപിച്ചുനൽകണമെന്ന് കാട്ടി ഇവർ മറുപടിയും നൽകിയിരുന്നു. പിന്നീട് ഇത് സംബന്ധിച്ച് അറിയിപ്പുകളോ, നോട്ടീസോ ലഭിച്ചിരുന്നില്ലെന്ന് സരസമ്മ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, ഇന്നലെ ഉച്ചയ്ക്ക് സരസമ്മ ചോറുണ്ണാനായി വീട്ടിലേക്ക് പോയ സമയത്ത് ഫാക്ടറി ഉടമയുടെ അനുയായികൾ പൊലീസിന്റെ സഹായത്തോടെ ബങ്ക് എടുത്തുമാറ്റുകയായിരുന്നു. ഊണ് കഴിഞ്ഞ് തിരികെയെത്തിയ സരസമ്മ വിവരമറിഞ്ഞ് സഹായത്തിനായി സ്ഥലത്തുണ്ടായിരുന്ന സിപിഐ പ്രവർത്തകരെ സമീപിച്ചു. തുടർന്ന് പാർട്ടി ഇടപെട്ട് ബങ്ക് പുനസ്ഥാപിക്കുകയായിരുന്നു. എന്നാൽ ഇവരുടെ ഉപജീവനമാർഗ്ഗമായിരുന്ന ലോട്ടറി ഉൾപ്പെടെ നഷ്ടമായതായി സരസമ്മ പറഞ്ഞു. പൂവൻതുരുത്തിൽ 27ഓളം കമ്പനികൾ ഉള്ള പി സി ജോസഫ് ഫാക്ടറി ചട്ടങ്ങൾ മറികടന്നാണ് പ്രവർത്തിക്കുന്നതെന്നും ആരോപണം ഉയർന്നിട്ടുണ്ട്.