തിരുവനന്തപുരം: സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടും സ്വത്തുക്കളും കണ്ടുകെട്ടുന്ന നടപടി ഇന്നും തുടരും. കഴിഞ്ഞ ദിവസം 14 ജില്ലകളിലായി 60ഓളം പേരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഹൈക്കോടതിയുടെ അന്ത്യശാസനത്തെത്തുടർന്നാണ് നടപടി. ഇന്ന് വൈകീട്ട് അഞ്ചുമണിവരെയാണ് ജില്ലാകളക്ടർമാർക്ക് സ്വത്ത് കണ്ടുകെട്ടാൻ ലാൻഡ് റവന്യൂ കമ്മീഷണർ സമയപരിധി നൽകിയിരിക്കുന്നത്.
സ്വത്തുകണ്ടുകെട്ടിയതിൻറെ വിവരങ്ങൾ കളക്ടർമാർ സർക്കാരിന് കൈമാറും. ഇത് റിപ്പോർട്ടായി ഹൈക്കോടതിയിൽ സമർപ്പിക്കും. സെപ്റ്റംബറിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ മിന്നൽ ഹർത്താലിലുണ്ടായ നഷ്ടപരിഹാരം ഈടാക്കാനാണ് നേതാക്കളുടെ വീടും സ്ഥലങ്ങളും ജപ്തി ചെയ്യുന്നത്. കൊല്ലം കരുനാഗപ്പള്ളിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിൻറെ വീടും വസ്തുവകകളും പട്ടാമ്ബി ഓങ്ങല്ലൂരിൽ സംസ്ഥാന സെക്രട്ടറി സി എ റഈഫിൻറെ പത്ത് സെൻറ് സ്ഥലവും ജപ്തി ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആലുവയിൽ 68 സെൻറിൽ പ്രവർത്തിക്കുന്ന പോപ്പുലർ ഫ്രണ്ടിൻറെ പെരിയാർ വാലി ട്രസ്റ്റ് ക്യാമ്ബസിനും പിടി വീണു. പാലക്കാട് 16ഉം വയനാട്ടിൽ 14ഉം ഇടത്ത് ജപ്തി നടന്നു. ഇടുക്കിയിൽ ആറും പത്തനംതിട്ടയിൽ മൂന്നും ആലപ്പുഴയിൽ രണ്ടും നേതാക്കളുടെ സ്വത്ത് വകകൾ ജപ്തിയായി. കോഴിക്കോട് 16 പേർക്ക് നോട്ടീസ് നൽകി. എവിടെയും എതിർപ്പുകളോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായില്ല.