കോട്ടയം: കോട്ടയത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മൂപ്പിളമത്തർക്കം. ജില്ലാ പഞ്ചായത്ത് അംഗത്തിനാണോ , പഞ്ചായത്ത് പ്രസിഡന്റിനാണോ പ്രോട്ടോക്കോൾ പ്രകാരം മുൻഗണന നൽകേണ്ടതെന്ന തർക്കമാണ് ഇപ്പോൾ ജില്ലയിൽ കൊടുമ്പിരിക്കൊണ്ടിരിക്കുന്നത്. ജില്ലയിലെ ഒരു പഞ്ചായത്തിലെ ഒരു ഉദ്ഘാടന പരിപാടിയ്ക്കായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ ക്ഷണിച്ചിരുന്നു. എന്നാൽ, ആ പഞ്ചായത്തിലെ പ്രസിഡന്റിന്റെ പേരിന് ശേഷമാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ പേര് നോട്ടീസിൽ ചേർത്തത്. ഇതോടെയാണ് ഇതിനു മുൻപ് തന്നെ പുകഞ്ഞുകൊണ്ടിരുന്ന മൂപ്പിളമ തർക്കം മറ നീക്കി പുറത്തു വന്നത്.
ജില്ലാ പഞ്ചായത്ത് അംഗത്തിനു താഴെയാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ സ്ഥാനമെന്ന് ജില്ലാ പഞ്ചായത്ത് അംഗങ്ങൾ വാദിക്കുന്നു. എന്നാൽ, പഞ്ചായത്ത് പ്രസിഡന്റിനേക്കാൾ കൂടുതൽ വോട്ടർമാരെ ജില്ലാ പഞ്ചായത്ത് അംഗം പ്രതിനിധാനം ചെയ്യുന്നുണ്ടെന്നും അതുകൊണ്ടു തന്നെ പ്രോട്ടോക്കോൾ പ്രകാരം ജില്ലാ പഞ്ചായത്ത് അംഗത്തിനാണ് പ്രാമുഖ്യം കൂടുതലെന്നും ഒരു വിഭാഗം വാദിക്കുന്നു. ഇത് പല സ്ഥലത്തും തർക്കങ്ങൾക്കും ഇടയാക്കുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റും, ജില്ലാ പഞ്ചായത്തംഗവും വ്യത്യസ്ത രാഷ്ട്രീയ പാർട്ടിയിൽപ്പെട്ടവരാകുമ്പോഴാണ് തർക്കവും വിവാദവും രൂക്ഷമാകുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സാഹചര്യത്തിലാണ് ജില്ലയിൽ വിവാദം കത്തിപ്പടരുന്നത്. എന്നാൽ, പ്രോട്ടോക്കോൾ പ്രകാരം കൃത്യമായ രേഖകൾ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും മുൻഗണനാ ക്രമത്തിന്റെ കാര്യത്തിൽ ഇല്ലെന്നതാണ് അധികൃതരെ കുഴക്കുന്നത്. പരിപാടികളുടെ നോട്ടീസ് അച്ചടിയ്ക്കുമ്പോൾ അടക്കം ഇത് ഉദ്യോഗസ്ഥരെ കുഴക്കുന്നുണ്ട്. എന്നാൽ, ഏതു വിധത്തിൽ പരിശോധിച്ചാലും ജില്ലാ പഞ്ചായത്ത് അംഗത്തിനു തന്നെയാണ് പഞ്ചായത്ത് പ്രസിഡന്റിനേക്കാൾ കൂടുതൽ പ്രാമുഖ്യം കൂടുതൽ നൽകേണ്ടതെന്നു ഉദ്യോഗസ്ഥരും പറയുന്നു. എന്നാൽ, കൃത്യമായ സർക്കാർ നിർദേശം ഉ്ണ്ടായില്ലെങ്കിൽ ഈ വിവാദം വീണ്ടും കത്തും.
എന്നാൽ, ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ സ്ഥാനം പഞ്ചായത്ത് പ്രസിഡന്റിനേക്കാൾ മുകളിലാണ് എന്നാണ് മുൻ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ അടക്കമുള്ളവരുടെ വാദം. പഞ്ചായത്ത് പ്രസിഡന്റാണ് ജില്ലാ പഞ്ചായത്ത് അംഗത്തേക്കാൾ വലുതെന്ന് പറയുന്നവർക്ക് വലിയ പിഴവാണ് പറ്റിയതെന്നും ഇവർ വാദിക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് ഒരു വാർഡിൽ നിന്നും ആയിരം പേരെ മാത്രമാണ് നേരിട്ട് പ്രതിനിധാനം ചെയ്യുന്നത്. പഞ്ചായത്ത് മുഴുവനും നോക്കിയാലും ഇരുപതിനായിരത്തോളം ജനങ്ങളെ മാത്രമാണ് പ്രതിനിധാനം ചെയ്യുന്നത്. ഇത് കൂടാതെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെക്കാൾ മുകളിലാണ് പ്രോട്ടോക്കോൾ പ്രകാരം എം.എൽ.എയുടെ സ്ഥാനം. ഇത്തരത്തിൽ പ്രോട്ടോക്കോൾ വരുന്നതിന്റെ കാരണം എംഎൽഎ സംസ്ഥാനത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജില്ലയെ മാത്രമാണ് പ്രതിനിധാനം ചെയ്യുന്നതെന്നും ഇവർ പറയുന്നു. ഇത് നോക്കിയാൽ പഞ്ചായത്ത് പ്രസിഡന്റ് ഒരു പഞ്ചായത്ത് പ്രസിഡന്റ് പഞ്ചായത്തിനെ മാത്രം പ്രതിനിധാനം ചെയ്യുമ്പോൾ ജില്ലാ പഞ്ചായത്തംഗം ജില്ലയെ മുഴുവനും ആണ് പ്രതിനിധീകരിക്കുന്നത്. അതുകൊണ്ടു തന്നെ പഞ്ചായത്ത് പ്രസിഡന്റിനേക്കാൾ മുകളിലാണ് ജില്ലാ പഞ്ചായത്തംഗം എന്ന വാദമാണ് ഈ വിഭാഗത്തിനുള്ളത്.