പത്തനംതിട്ട: പത്തനംതിട്ട പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ ആളില്ലാത്ത വീടുകൾ കുത്തിത്തുറന്ന് മോഷണം പതിവാക്കിയ രണ്ടുപേരെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കോട് കൈപ്പട്ടൂർ പുല്ലാഞ്ഞിയിൽ പുതു പറമ്പിൽ വീട്ടിൽ ഡാനിയേൽ ബാബുവിന്റെ മകൻ സിബു ബാബു (36 ), നാരങ്ങാനം കടമ്മനിട്ട കിഴക്കുംകര വീട്ടിൽ കുഞ്ഞൂഞ്ഞിന്റെ മകൻ മാത്തുക്കുട്ടി (57)എന്നിവരാണ് പിടിയിലായത്. പത്തനംതിട്ടയിലെ ഒരു ബാറിനു മുന്നിൽ മദ്യപിച്ച് അബോധാവസ്ഥയിലായ കൈപ്പട്ടൂർ സ്വദേശിയായ യുവാവിന്റെ വിരലിലെ വിവാഹമോതിരം സിബു ബാബുവും മറ്റൊരാളും ചേർന്ന് കഴിഞ്ഞദിവസം മോഷ്ടിച്ചിരുന്നു.
ഈ സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണത്തെതുടർന്ന് സിബു ബാബുവിനെ അറസ്റ്റ് ചെയ്യുകയും മോതിരം, വിറ്റ കടയിൽ നിന്നും കണ്ടെടുക്കുകയും ചെയ്തിരുന്നു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതോടെയാണ് മഞ്ഞനിക്കരയിലും അഞ്ചക്കാലായാലും രാത്രി കാലങ്ങളിൽ ആളില്ലാത്ത വീടുകൾ കുത്തിത്തുറന്ന് സ്വർണവും പണവും വീട്ടുപകരണങ്ങളും മോഷ്ടിച്ചതായി തെളിഞ്ഞത്. ഇരുവരും ചേർന്നാണ് മോഷണങ്ങൾ നടത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മഞ്ഞനിക്കരയിൽ കഴിഞ്ഞവർഷം ജൂലൈയിൽ അടച്ചിട്ട വീടിന്റെ പ്രധാന വാതിൽ പൊളിച്ച് അകത്തുകടന്ന് അടുക്കളയിൽ നിന്നും മൈക്രോവേവ് ഓവനും, കുളിമുറിയിലെ ഫിറ്റിങ്ങുകളും ഉൾപ്പെടെ 90,000 രൂപയുടെ ഉപകരണങ്ങൾ പ്രതികൾ മോഷ്ടിച്ചിരുന്നു. സിബുവിനെ മോഷണമുതലുകൾ വിറ്റ കുമ്പഴയിലെ ആക്രിക്കടയിൽ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ, കുറച്ചു സാധനങ്ങൾ തമിഴ്നാട്ടിലേക്ക് കയറ്റി അയച്ചുവെന്നും, ബാക്കിയുള്ളവ മാത്രമാണ് കടയിലുള്ളതെന്നും കടയുടമ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പോലീസ് അവ കണ്ടെടുക്കുകയും ചെയ്തു. പ്രതികൾ വേറെയും കേസ്സുകളിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് സംശയമുഉള്ളതിനാൽ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്താനാണ് പോലീസ് നീക്കം.
മഴക്കാലത്ത് മോഷണം വ്യാപകമാകുന്നത് തടയാൻ രാത്രി കാല പട്രോളിങ് ജില്ലയിൽ ശക്തിപ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐപിഎസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാറിന്റെ നേതൃത്വത്തിൽ പത്തനംതിട്ട പോലീസ് ഇൻസ്പെക്ടർ ജിബു ജോൺ, സബ് ഇൻസ്പെക്ടർമാരായ രതീഷ് കുമാർ, അനൂപ് ചന്ദ്രൻ, ജോൺസൺ, എ എസ് ഐ സവിരാജൻ, എസ് സി പി ഓമാരായ ശിവസുതൻ, സജിൻ പ്രവീൺ, മണിലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.