കോട്ടയം: അന്യസംസ്ഥാന സ്വദേശികളെ ആക്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി ചെമ്മരപ്പള്ളി ഭാഗത്ത് ഇഞ്ചക്കാട്ടുകുന്നേൽ വീട്ടിൽ കലേബ്.എസ് (22), പുതുപ്പള്ളി പട്ടാകുളം വീട്ടിൽ അഖിൽകുമാർ (26), കറുകച്ചാൽ ഉമ്പിടി ഭാഗത്ത് തച്ചുകുളം വീട്ടിൽ രാഹുൽ മോൻ(23) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ മൂവരും ചേർന്ന് കഴിഞ്ഞദിവസം പുതുപ്പള്ളി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ബീഹാർ സ്വദേശികളുടെ മുറിയിൽ അതിക്രമിച്ചു കയറി ഇവരെ ചീത്തവിളിക്കുകയും, ആക്രമിക്കുകയുമായിരുന്നു. ബീഹാർ സ്വദേശിയുടെ സുഹൃത്തിനെ ഇവർ മർദ്ദിച്ചപ്പോൾ സുഹൃത്ത് അന്യസംസ്ഥാന സ്വദേശികൾ താമസിക്കുന്ന മുറിയിലേക്ക് ഓടിക്കയറുകയും തുടർന്ന് ഇയാളെ പിന്തുടർന്ന് വന്ന ഇവർ സംഘം ചേർന്ന് ഇവിടെ ഉണ്ടായിരുന്ന അന്യസംസ്ഥാന സ്വദേശികളെ ആക്രമിക്കുകയുമായിരുന്നു.
ഇതിനു ശേഷം ഇവർ സംഘം ചേർന്ന് അന്യസംസ്ഥാന സ്വദേശിയായ യുവാവ് ജോലി ചെയ്യുന്ന പുതുപ്പള്ളി ചാലുങ്കപ്പടി ഭാഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഗ്ലാസ് കല്ലുകൊണ്ട് എറിഞ്ഞു തകർക്കുകയും ചെയ്തു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇവരെ വിവിധ സ്ഥലങ്ങളിൽ നിന്നായി പിടികൂടുകയുമായിരുന്നു. ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ.ശ്രീജിത്ത്, സി.പി.ഓ മാരായ അജിത്ത്, അജേഷ്, വിവേക് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കലേബിനും, അഖിലിനും ഈസ്റ്റ് സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ മൂവരേയും റിമാൻഡ് ചെയ്തു.