കോട്ടയം: ആർ ബ്ലോക്കിനെ തകർച്ചയിൽ നിന്ന് രക്ഷിക്കണമെന്നും 24 മണിക്കൂർ തടസമില്ലാതെ വൈദ്യുതി വിതരണം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് ആർ ബ്ലോക്ക് കർഷകസമിതിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി പുഞ്ച സെക്ഷൻ ഓഫീസിൽ ധർണ്ണ നടത്തി. ആർ ബ്ലോക്കിലെ കർഷകരുടെ ആശങ്കകൾ ന്യായമാണെന്നും തുടർനടപടികൾ അടിയന്തിരമായി എടുക്കുമെന്നും കെ.എസ്.ഇ.ബി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ വിജി പ്രഭാകരൻ, അസി. എൻജിനീയർ അജിത്ത് എന്നിവർ ആർ ബ്ലോക്ക് കർഷകസമിതിയുമായി നടന്ന ചർച്ചയിൽ ഉറപ്പുനൽകി. അനധികൃതമായി ആർ ബ്ലോക്കിലെ മീൻപിടുത്തക്കാർ നടത്തുന്ന സുരക്ഷാവിരുദ്ധമായ പ്രവർത്തികൾ തുടരെയുണ്ടാകുന്ന വൈദ്യതി തടസ്സപ്പെടുന്നതിന് കാരണമാകുന്നതായി എഞ്ചിനീയർമാർ ചൂണ്ടിക്കാട്ടി. കെ.എസ്.ഇ.ബിയുടെ ശ്രദ്ധയിൽപെട്ട നിയമവിരുദ്ധപ്രവർത്തികൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. കർഷകസമിതി പ്രസിഡന്റ് ബെന്നി കെ.തോമസ് കൈതകം, സെക്രട്ടറി കിഷോർ പാട്ടാശ്ശേരി, ട്രഷറർ സണ്ണി കുരിശുമ്മുട്ടിൽ, കമ്മറ്റി അംഗങ്ങളായ ജോസഫ് തോമസ് കറുകയിൽ, രാജു പാട്ടാശ്ശേരി, തോമസ് ജോഷ്വ താന്നിക്കൽ, ടിറ്റോ പുത്തൻപുരയിൽ, ഓസ്റ്റിൻ കുരിശുമ്മുട്ടിൽ എന്നിവർ നേതൃത്വം നൽകി.