കനത്ത മഴ ; ആർ ​ബ്ലോക്ക്​ പാടശേഖരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനാവാതെ കർഷകർ

കോട്ടയം: തുടർച്ചയായി പെയ്ത മഴയെ തുടർന്ന് ആർ ​ബ്ലോക്ക്​ പാടശേഖരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനാവാതെ കർഷകർ അങ്കലാപ്പിൽ. വളർന്നുവരുന്ന ആയിരക്കണക്കിന് തെങ്ങുകൾ വെള്ളംകയറി നശിക്കുന്ന ആശങ്കയിലാണ് ആർ ബ്ലോക്കിലെ കർഷകർ.  ഒരാഴ്ച തുടർച്ചയായി വൈദ്യുതി മുടക്കം പതിവായതോടെ വെള്ളം പമ്പ്​ ചെയ്ത്​ വെള്ള​ക്കെട്ട്​ ഒഴിവാക്കുന്ന പമ്പുകളുടെ പ്രവർത്തനം തടസ്സപ്പെട്ടിരിക്കുകയാണ്​. കഴിഞ്ഞ ഒരാഴ്ച ദിവസവും മൂന്ന് മണിക്കൂർ മാത്രമാണ്‌ വൈദ്യുതി ലഭ്യമായത്. 

Advertisements

സമുദ്രനിരപ്പിൽ നിന്നും രണ്ടര മീറ്റർ താഴെ കൃഷിചെയ്യുന്നതിനാൽ 24 മണിക്കൂറും പമ്പിങ്​ നടത്തിയാലേ കൃഷി സുഗമമാകൂ എന്നിരിക്കെ തുടർച്ചയായ വൈദ്യുതിമുടക്കത്തിൽ കർഷകർ ആശങ്കയിലാണ്​. കനത്തമഴയെ തുടർന്ന് ആർ ബ്ലോക്കിന്റെ ഉൾചിറകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്ന നിലയിലാണ്​. വളർന്നുവരുന്ന ആയിരകണക്കിന് തെങ്ങുകളാണ്​ വെള്ളംകയറി നശിച്ചത്​. വാഴ, കമുക്​, കൊക്കോ, മത്സ്യകൃഷി എന്നീ കൃഷികളും അപകടാവസ്ഥയിലാണ്​.  


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വാട്ടർലെവലിന്‍റെ ഒരുപരിധിക്ക്​ ശേഷം പമ്പിങ്​ സാധ്യമാകില്ലെന്ന വെല്ലുവിളിയുമുണ്ട്​. വൈദ്യുതിക്കുള്ള സബ്​ കോൺട്രാക്ട്​ കെ.എസ്​.ഇ.ബിക്ക്​ ​നൽകിയതിന്​ ശേഷം അറ്റകുറ്റപണികളും മറ്റും കാര്യക്ഷമമല്ലെന്ന പരാതിയുണ്ട്​. വൈദ്യുതി തടസ്സപ്പെട്ടത്​ അറിയിക്കാൻ വിളിച്ചാലും കൃത്യമായ മറുപടിയില്ലെന്നാണ്​ കർഷകരുടെ ആക്ഷേപം. പുറംബണ്ടിൽ വിള്ളലുള്ളതിനാൽ ഉള്ളിലേക്ക്​ വെള്ളംകയറി കൃഷി നശിക്കുന്ന അവസ്ഥയാണ്​. 

100ലധികം കർഷകരാണ്​ ആർ ബ്ലോക്കിൽ കൃഷിയെ ആശ്രയിച്ചുകഴിയുന്നത്​. ഇനിയും വെള്ളം നിറഞ്ഞാൽ അത്​ താങ്ങിനിർത്താനുള്ള ശേഷി ബണ്ടിന്​ ഇല്ലെന്നതാണ്​ കർഷകരുടെ ഭയം. കോട്ടയം- ആലപ്പുഴ റൂട്ടിൽ ടൂറിസ്റ്റ്​ മേഖലയായി വികസിച്ചുവരുന്ന പ്രദേശമാണ്​ ഇവിടം. കോട്ടയം, പാലാ, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള കർഷകരാണ്​ അധികവും. 

2018ലെ മഹാപ്രളയത്തിൽ വെള്ളംമൂടി കൃഷി നശിച്ചിരുന്നു. 1500ഓളം ഏക്കർ തെങ്ങ്​, വാഴ കൃഷിയാണ്​ നശിച്ചത്​. വൈദ്യുതിവകുപ്പ്​ കോടിക്കണക്കിന്​ തുക ചിലവഴിച്ചാണ്​ രണ്ടാമത്​ സെമികണ്ടക്ടർ ലൈൻ വലിച്ച്​ വീണ്ടും ആർ ബ്ലോക്ക്​ കൃഷിയൊരുക്കാൻ അനുയോജ്യമാക്കിയത്​. വൈദ്യുതി തകരാർ ഉണ്ടാവില്ലെന്ന സർക്കാരിന്‍റെയും വൈദ്യുതി വകുപ്പിന്‍റെയും ഉറപ്പി​ൻമേൽ ലക്ഷക്കണക്കിന്​ രൂപയുടെ കൃഷിയിറക്കിയ​ കർഷകർക്കാണ്​ വെള്ളക്കെട്ട്​ കനത്ത തിരിച്ചടിയായത്​. 2020ലാണ്​ പുതിയ മോട്ടോറുകളും അനുബന്ധ ഉപകരണങ്ങൾ സർക്കാർ സ്ഥാപിച്ച്​ നൽകിയത്​. തുടർന്നാണ്​ ​കർഷകർ ലോണെടുത്തും മറ്റും കൃഷി പുനരാരംഭിച്ചത്​. ഈവർഷത്തെ വിളവെടുപ്പ്​ നടക്കുന്ന സമയത്താണ്​ പെരുമഴയുടെ വരവ്​. വിളവെടുപ്പ്​ അടുത്ത സാഹചര്യത്തിൽ ഒരാഴ്ച വെള്ളം കെട്ടിനിന്നാൽ ചെറിയ തെങ്ങുകളും വാഴകളും നശിക്കുമെന്നാണ്​ കർഷകർ പറയുന്നത്​. കായൽമേഖല പ്രദേശമായതിനാൽ ഇൻഷുറൻസ്​ കിട്ടാത്ത സാഹചര്യമാണെന്നും കർഷകർ പറയുന്നു.  

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.