കോട്ടയം : കോട്ടയം നഗരഭാഗങ്ങളിൽ വൈകിട്ട് 7.15 മണിയോടെ ശക്തമായ മഴ ലഭിച്ചു.കോട്ടയം നഗരത്തിന് പുറമേ പ്രാന്തപ്രദേശത്തിലും മഴ പെയ്തത് ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വാസമായി.
ഇവിടെ ഇപ്പോഴും മഴ നിലച്ചിട്ടില്ല. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഉച്ചക്ക് ശേഷം ഇന്നലെയും ശക്തമായ മഴ ലഭിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയത്തിന് പുറമേ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും മഴയ്ക്കും സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്ന് രാത്രി 11.30 വരെ കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും 0.5 മുതൽ 1.2 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്.
കടലാക്രമണ സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
കഴിഞ്ഞ ദിവസം കാലാവസ്ഥാ പ്രവചനം ശരിവെച്ച് തിരുവനന്തപുരം നഗരഭാഗങ്ങളിൽ രാത്രി 9 മണിയോടെ ശക്തമായ മഴ ലഭിച്ചിരുന്നു. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഉച്ചക്ക് ശേഷം ശക്തമായ മഴയാണ് ലഭിച്ചത്. പാലാ, ഭരണങ്ങാനം, പൂഞ്ഞാർ , മേലുകാവ് , ഈരാറ്റുപേട്ട മേഖലകളിലെല്ലാം മഴ പെയ്തു.
ഉയർന്ന താപനില മുന്നറിയിപ്പ്
2024 മാർച്ച് 23 മുതൽ 27 വരെ കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, കോട്ടയം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ,പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം,കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 മാർച്ച് 23 മുതൽ 27 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.