കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവിന് 39 വർഷം കഠിന തടവും 16500 രൂപ പിഴയും. കോട്ടയം പള്ളിക്കത്തോട് ആനിക്കാട് മുഴുവനാൽ വീട്ടിൽ ബിബിനു ബാബു(24)വിനെയാണ് ചങ്ങനാശേരി ഫാസ്ട്രാക്ക് കോടതി ജഡ്ജി പി.എസ് സൈമ ശിക്ഷിച്ചത്. പള്ളിക്കത്തോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ കോടതി വിധിയുണ്ടായിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിലാണ് ഇപ്പോൾ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രോസിക്യൂഷൻ 16 സാക്ഷികളെയും, 22 പ്രമാണങ്ങളും കോടതിയിൽ ഹാജരാക്കി. പിഴതുക ഇരയായ പെൺകുട്ടിയ്ക്ക് നൽകണമെന്ന് കോടതി നിർദേശിച്ചു. ഇൻസ്‌പെക്ടർ എ.സി മനോജ്കുമാറാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി പ്രോസിക്യൂട്ടർ പി.എസ് മനോജ് കോടതിയിൽ ഹാജരായി. അഡ്വ.തുഷാര പുരുഷൻ, അഡ്വ.സിന്ധു കെ.ആർ എന്നിവർ കോടതിയിൽ ഹാജരായി.