കുറവിലങ്ങാട് : സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള നീന്തൽ പരിശീലനത്തിൽ പുത്തൻ ചരിത്രം എഴുതുകയാണ് കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത്. ഏതാനും വർഷങ്ങൾക്കുള്ളിൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പരിശീലനം നൽകിയത് ആയിരത്തിലധികം വിദ്യാർത്ഥികൾക്ക്.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി വിജയകരമായി നടപ്പാക്കിയ പദ്ധതി മിനി മത്തായിയുടെ നേതൃത്വത്തിലുള്ള നിലവിലെ ഭരണസമിതിയും മികവ് ഒട്ടും കുറയ്ക്കാതെ മുന്നോട്ടു കൊണ്ടുപോകുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗ്രാമപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിദ്യാർത്ഥികൾക്കു നീന്തൽ പരിശീലനം നൽകുന്നത്. കുറവിലങ്ങാട് പഞ്ചായത്ത് പരിധിയിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന 5 മുതൽ 7 വരെ ക്ലാസുകളിലെ കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിൽ താമസമുള്ളവർക്കാണ് തോപ്പൻസ് അക്കാദമിയിലെ വിദഗ്ധർ നീന്തൽക്കുളത്തിൽനീന്തൽ പഠിപ്പിക്കുന്നത്. എംജി സർവകലാശാല മുൻ നീന്തൽ പരിശീലകൻ ടി.ജെ.തോമസിന്റെ നേതൃത്വത്തിൽ പരിശീലനം നൽകുന്നത്.
രാവിലെ 7 മുതൽ 8 വരെയും വൈകുന്നേരം 4 മുതൽ 5 വരെയും ആണ് പരിശീലനം. ഒരു കുട്ടിയെ 15 ദിവസത്തിനുള്ളിൽ നീന്തൽ പഠിപ്പിക്കും. പഠനകാര്യത്തിൽ പിന്നോക്കം പോകുന്ന കുട്ടികൾക്കു പ്രത്യേക പരിശീലനം നൽകുന്നു.
ജില്ലയിൽ വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനം നൽകുന്ന ഏക പഞ്ചായത്താണ് കുറവിലങ്ങാട്. തുടർ പരിശീലനത്തിനായി പ്രത്യേക ഫണ്ട് നീക്കി വച്ചിട്ടുണ്ട്. മുൻ വർഷങ്ങളിൽ തുടർപരിശീലനം ലഭിച്ച ബോയ്സ് ഹൈസ്കൂളിലെ കുട്ടികൾ ഉൾപ്പെടെ സംസ്ഥാന മത്സരത്തിൽ പങ്കെടുത്തിരുന്നു.