കോട്ടയം: 2019 ൽ വാങ്ങിയ സ്‌കൂട്ടർ ഷോറൂം അധികൃതർ രജിസ്റ്റർ ചെയ്തു നൽകാത്തതിനെ തുടർന്ന് ലക്ഷങ്ങളുടെ ബാധ്യതയിലായി കുടുംബം. കോട്ടയം കാനം സിഎസ്‌ഐ പള്ളിയ്്ക്കു സമീപം എട്ടിക്കൽ വീട്ടിൽ ഇ.എസ് പ്രവീണും കുടുംബവുമാണ് ഹോണ്ടയുടെ സ്‌കൂട്ടർ വാങ്ങി ദുരിതത്തിലായിരിക്കുന്നത്. 2022 ൽ സ്‌കൂട്ടർ തിരികെ ഫിനാൻസ് കമ്പനി തിരികെ പിടിച്ചെങ്കിലും പലിശയും, പിഴപ്പലിശയും അടക്കം രണ്ടുലക്ഷത്തോളം രൂപ തിരികെ അടയ്ക്കണമെന്നാണ് ഇപ്പോൾ ധനകാര്യ സ്ഥാപനം ഈ കുടുംബത്തോട് ആവശ്യപ്പെടുന്നത്. തുക അടച്ചില്ലെങ്കിൽ സ്ഥലം ജപ്തി ചെയ്യുമെന്ന ഭീഷണിയും ഇവർ ഉയർത്തിയിട്ടുണ്ട്.
2019 ലാണ് കോട്ടയം മണിപ്പുഴയിലെ പുരയ്ക്കൽ ഹോണ്ടയിൽ നിന്നും സ്‌കൂട്ടർ വാങ്ങിയത്. തുടർന്ന്, തൃശൂർ കൂർക്കഞ്ചേരിയിലെ മാക്‌സ് വാല്യു ക്രെഡിറ്റ് ആന്റ് സർവീസിൽ നിന്നാണ് ഇവർ വാഹനം എടുക്കാൻ വായ്പ എടുത്തത്. വാഹനം വീട്ടിലേയ്ക്കു കൊണ്ടു പോയെങ്കിലും ആ മോഡൽ ഹോണ്ട കമ്പനി നിർത്തിയതോടെ ഇവരുടെ സ്‌കൂട്ടർ രജിസ്റ്റർ ചെയ്യാൻ സാധിച്ചില്ല. എന്നാൽ, 20 തവണ 2800 രൂപ വീതം ഇഎംഐ അടയ്ക്കുകയും ചെയ്തു. വാഹനം രജിസ്റ്റർ ചെയ്തു കിട്ടാതായതോടെ ഇവർ ഇഎംഐ അയക്കുന്നത് നിർത്തി. ഇതോടെ മാക്‌സ് വാല്യു അധികൃതർ വണ്ടി ജപ്തി ചെയ്തു കൊണ്ടു പോകുകയും ചെയ്തതായി കുടുംബം പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, ഇതിന് ശേഷം മാക്‌സ് വാല്യു അധികൃതർ ബന്ധപ്പെട്ട് രണ്ടര ലക്ഷത്തോളം രൂപ കുടിശിക അടയ്ക്കണമെന്നും ഇല്ലങ്കിൽ നടപടിയെടുക്കുമെന്നും കുടുംബത്തെ ഭീഷണിപ്പെടുത്തുകയാണ്. വാഹനം ഉപയോഗിക്കാൻ സാധിക്കാതെ തന്നെ ഇഎംഐ അടയ്ക്കുകയും ചെയ്ത കുടുംബം, ഫിനാൻസ് കമ്പനി വാഹനം പിടിച്ചെടുത്ത ശേഷവും വലിയ സാമ്പത്തിക ബാധ്യതയെ നേരിടുകയാണ്. ഈ സാഹചര്യത്തിൽ തങ്ങൾക്കെതിരായ ജപ്തി അടക്കമുള്ള നടപടികൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. രോഗാവസ്ഥയിലായ പിതാവിന്റെയും കാൻസർ രോഗ ബാധിതയായ മാതാവും അടങ്ങുന്ന കുടുംബം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്.