കോട്ടയം: എസ്.എച്ച് മൗണ്ടിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് അതിക്രമിച്ചു കയറി തൊഴിലാളികളെ ആക്രമിക്കുകയും, ഇവരിൽ നിന്നും പണവും മൊബൈൽ ഫോണും അടക്കം കവർച്ച ചെയ്യുകയും ചെയ്ത പ്രതികൾ പിടിയിൽ. കോട്ടയം ചെറിയപള്ളി ഭാഗത്ത് പുരയ്ക്കൽ വീട്ടിൽ സാജൻ ചാക്കോ (41), പെരുമ്പായിക്കാട് പള്ളിപ്പുറം മങ്ങാട്ടുകാല വീട്ടിൽ ഹാരീസ് (44), പനച്ചിക്കാട് കൊല്ലാട് ബോട്ടുജെട്ടി കവല ഭാഗത്ത് ഏലമല വീട്ടിൽ രതീഷ് കുമാർ (ഇരുട്ട് – 43), പെരുമ്പായിക്കാട് തെള്ളകം തെള്ളകശേരി ഭാഗത്ത് കടുന്നാകുഴിയിൽ വീട്ടിൽ സിറിൾ മാത്യു (58) , പെരുമ്പായിക്കാട് നട്ടാശേരി പുത്തേട്ട് ഡിപ്പോ ഭാഗത്ത് കുറത്തിയാട്ട് വീട്ടിൽ സന്തോഷ് എം.കെ (അപ്പായി -43) എന്നിവരെയാണ് കോട്ടയം ഗാന്ധിനഗർ സ്‌റ്റേഷൻ എസ് ഐ അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികൾ എസ്.എച്ച് മൗണ്ട് ഭാഗത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് രാത്രിയിൽ അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് ഇവരെ ആക്രമിച്ച ശേഷം പണവും സ്വർണവും കവരുകയായിരുന്നു. ഇതിന് ശേഷം ഇതര സംസ്ഥാന തൊഴിലാളികൾ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം രാത്രി തന്നെ നടത്തിയ അന്വേഷണത്തിൽ കേസിലെ പ്രധാന പ്രതികളെ കണ്ടെത്തി.എസ് ഐ അനുരാജ് , സിവിൽ പൊലീസ് ഓഫിസർമാരായ രഞ്ജിത്ത് , അനൂപ്, വിജിത്ത് , സജി എന്നിവർ ചേർന്നാണ് പ്രതികളെ പിടി കൂടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് പൊലീസ് സംഘം മറ്റ് കൂട്ട് പ്രതികളെയും അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികളെല്ലാവരും മുൻപും നിരവധി ക്രിമിനൽക്കേസുകളിൽ പ്രതികളാണ്. ഇരുട്ട് എന്ന രതീഷ് ഓട്ടോ ഡ്രൈവറും കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ കെ.ഡി ലിസ്റ്റിൽ പെട്ട ആളുമാണ്. ഇയാൾക്കെതിരെ നിരവധി കേസുകളാണ് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലുള്ളത്. മറ്റെല്ലാ പ്രതികളും നിരവധി ക്രിമിനൽക്കേസുകളിൽ അടക്കം പ്രതികളാണ്.