ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ
കോട്ടയം: കോട്ടയം നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ പെൺകുട്ടികളെ ശല്യം ചെയ്ത സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. തീയറ്റർ റോഡിലൂടെ സിനിമ കാണുന്നതിനായി തീയറ്റർ ഭാഗത്തേയ്ക്കു പോയ യുവാവിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇടുക്കി നെടുങ്കണ്ടം സ്വദേശി ബെന്നിയ്ക്കെതിരെയാണ് കോട്ടയം വെസ്റ്റ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. തീയറ്റർ റോഡിലൂടെ സിനിമ കാണുന്നതിനായി തീയറ്ററിലേയ്ക്കു പോകുകയായിരുന്നു പെൺകുട്ടികൾ. ഈ സമയം തീയറ്റർ റോഡിലൂടെ നടന്നെത്തിയ പ്രതി, പെൺകുട്ടികളോട് മോശമായി കമന്റ് ചെയ്യുകയും കടന്ന് പിടിക്കുകയുമായിരുന്നു. ഇതേ തുടർന്ന്, പെൺകുട്ടികൾ ബഹളം വയ്ക്കുകയും ഈ സമയം ഇവിടെ റോഡിലുണ്ടായിരുന്ന പിങ്ക് പൊലീസ് സംഘത്തെ വിവരം അറിയിക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന പിങ്ക് പൊലീസ് സംഘം ഉടൻ തന്നെ സ്ഥലത്ത് എത്തി. പെൺകുട്ടികൾക്കൊപ്പം നടന്ന പിങ്ക് പൊലീസ് സംഘം പ്രതിയായ യുവാവിനെ കണ്ടെത്തി. തുടർന്ന്, ഇയാളെ പിടികൂടി. സഹായത്തിനായി സ്പൈഡർ പെട്രോളിംങ് സംഘത്തെയും, പൊലീസ് കൺട്രോൾ റൂം സംഘത്തെയും വിളിച്ചു വരുത്തിയിരുന്നു. ഇവരുടെ സഹായത്തോടെയാണ് യുവാവിനെ പിടികൂടിയത്. തുടർന്നു യുവാവിനെതിരെ കേസെടുത്തു.
എന്നാൽ, പെൺകുട്ടികൾ പ്രതിയ്ക്കെതിരെ മൊഴി നൽകാൻ തയ്യാറായില്ല. ശല്യം ചെയ്തെങ്കിലും കേസിനും മറ്റുമായി കോടതി കയറിയിറങ്ങുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കിയതിനെ തുടർന്നാണ് പെൺകുട്ടികൾ പരാതിയുമായി മുന്നോട്ട് പോകാൻ തയ്യാറാകാതിരുന്നത്. ഇതേ തുടർന്ന് പൊലീസ് പ്രതിയ്ക്കെതിരെ സ്വമേധയാ കേസെടുത്തു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയക്കും.