കോട്ടയം : കേരളത്തിന്റെ ജനങ്ങളുടെ സ്നേഹം എന്താണ് എന്നും , ഉമ്മൻ ചാണ്ടി എന്നത് മലയാളികളുടെ ഒരു വികാരമാണെന്ന് തിരിച്ചറിയുന്നതുമായ മുന്ന് പകലുകളാണ് കടന്ന് പോകുന്നത്. ആ പകലുകളിൽ കണ്ട കാഴ്ചകളിൽ കണ്ണീരുണ്ട് , ചങ്കിൽ ചേർത്ത ഉമ്മൻ ചാണ്ടിയുണ്ട് നമ്മുടെ നാട് ഏറെടുത്ത ഒസിയുണ്ട്. ഇന്ന് സ്വന്തം ജന്മനാട്ടിലേയ്ക്കുള്ള അവസാന യാത്രയിൽ ഉമ്മൻ ചാണ്ടിയ്ക്ക് അകമ്പടിയായെത്തിയ ഒരു കുഞ്ഞൂഞ്ഞാണ് കോട്ടയത്ത് വൈകാരിക കാഴ്ചയായത്. പ്രായം തളർത്തിയ കാലുകളിൽ സൈക്കിൾ പെഡൽ കറക്കി കോട്ടയം കാരൻ കുഞ്ഞൂഞ്ഞ് ഉമ്മൻ ചാണ്ടിയെ കാണാനെത്തിയത് തന്റെ ഒരു കാര്യവും സാധിച്ചെടുക്കാനായിരുന്നില്ല. ചങ്ങനാശേരിയുടെ മണ്ണിൽ ഇന്നലെ രാത്രി മുതൽ തന്റെ ഹെർക്കുലീസ് സൈക്കളുമായി കാവൽ നിൽക്കുകയായിരുന്നു കുഞ്ഞൂഞ്ഞ്. രാവിലെ ആറിന് ഭൗതിക ദേഹവുമായുള്ള വിലാപയാത്ര ചങ്ങനാശേരിയിൽ എത്തും വരെ പച്ചവെള്ളം പോലും കുടിക്കാതെ കാവൽ നിൽക്കുകയായിരുന്നു കുഞ്ഞൂഞ്ഞ്. രാവിലെ വിലാപയാത്ര ചങ്ങനാശേരിയിൽ നിന്നും പുറപ്പെട്ടപ്പോൾ തന്റെ സൈക്കിളുമായി കുഞ്ഞൂഞ്ഞ് വിലാപയാത്രയ്ക്ക് മുന്നിൽ സഞ്ചരിച്ചു. ഒരാളുടെയും നിർദേശമില്ലാതെ , ഒരാളും വഴി കാട്ടാതെ ഉമ്മൻ ചാണ്ടിയ്ക്കായി കുഞ്ഞൂഞ്ഞ് മുന്നിൽ നടന്നു. തിരുനക്കര മൈതാനത്ത് ഭൗതിക ദേഹം പൊതു ദർശനത്തിന് വച്ചപ്പോൾ ഉണങ്ങാത്ത കണ്ണീരുമായി കുഞ്ഞൂഞ്ഞും കാവൽ നിന്നു. ഇനി പുതുപ്പള്ളി പ്പള്ളിയിലെ കബറിടത്തിൽ തന്റെ നേതാവ് അലിഞ്ഞില്ലാതാകും വരെ കുഞ്ഞൂഞ്ഞും സൈക്കിളും ഒപ്പമുണ്ടാകും.