കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള വ്യാവസായിക പ്രദർശന വിപണനമേളയ്ക്കു തുടക്കമായി. നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ മേള ഉദ്ഘാടനം ചെയ്തു. നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.ഷീജ അനിൽ, നഗരസഭ അംഗങ്ങളായ എം.പി സന്തോഷ്കുമാർ, ജോമോൾ ജോസഫ് എന്നിവരും വിധ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. തിരുനക്കര മൈതാനത്തും, പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്തുമായാണ് മേള നടക്കുക. കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളും, വിവിധ ഉത്പന്നങ്ങളും ഭക്ഷ്യോത്പന്നങ്ങളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. മേള ഉദ്ഘാടനം ചെയ്തതിനു പിന്നാലെ നൂറുകണക്കിന് ആളുകളാണ് മേളയിലേയ്ക്ക് ഒഴുകിയെത്തിയിരിക്കുന്നത്. വരും ദിവസങ്ങളിൽ കോട്ടയത്തിന്റെ വിനോദ കേന്ദ്രമായി മേള മാറുമെന്നു നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റിയൻ പറഞ്ഞു.