കോട്ടയം: നഗരമധ്യത്തിൽ സ്റ്റാർ ജംഗ്ഷനിലേയ്ക്കു തിരിയുന്ന റോഡിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം. ടിബി റോഡിലേയ്ക്കു പോകുകയായിരുന്ന കാറിനു പിന്നിലാണ് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് ഇടിച്ചത്. അപകട സമയത്ത് കാറിനുള്ളിലുണ്ടായിരുന്ന റിട്ട.കെ.എസ്.ആർ.ടി.സി ജീവനക്കാരൻ കുറുപ്പന്തറ സ്വദേശി ഷാജി അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 11.15 ഓടെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നും ടിബി റോഡിലേയ്ക്കുള്ള റോഡിൽ വഴിയിൽ സ്റ്റാർ ജംഗ്ഷനിലേയ്ക്കുള്ള ഇടവഴിയിലായിരുന്നു അപകടം. ബലേനോ കാറിൽ സഞ്ചരിക്കുകയായിരുന്നു ഷാജി. ടിബി റോഡിൽ നിന്നും സ്റ്റാർ ജംഗ്ഷനിലേയ്ക്കുള്ള ഇടവഴിയിലേയ്ക്കു സിഗ്നൽ ഇട്ട് കാർ തിരിക്കുകയായിരുന്നു. ഇതിനിടെ പിന്നാലെ എത്തിയ കെ.എസ്.ആർ.ടിസി സ്വിഫ്റ്റ് ബസ് കാറിനു പിന്നിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടമായ കാർ മുന്നിലേയ്ക്കു നീങ്ങിയ ശേഷം ഇവിടെ പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡ് തകർത്താണ് നിന്നത്. അപകടത്തെ തുടർന്ന് കാർ റോഡിനു നടുവിൽ കിടന്നത് ഗതാഗത തടസം ഉണ്ടാക്കി. തുടർന്ന് ക്രെയിൻ എത്തിച്ചാണ് കാർ ഇവിടെ നിന്നും നീക്കിയത്.