കോട്ടയം: കഴിഞ്ഞ ദിവസം രാത്രിയിൽ കോട്ടയം നഗരമധ്യത്തിൽ തിരുനക്കരയിൽ വരദന്റെ കടയിലും തെക്കും ഗോപുരത്തും മോഷണ ശ്രമം നടത്തിയ പ്രതി പിടിയിൽ. ജുവനൈൽ ഹോമിൽ നിന്നും രക്ഷപെട്ട ആർപ്പൂക്കര സ്വദേശിയായ പതിനേഴുകാരനാണ് പിടിയിലായത്. മോഷണ ശ്രമം നടത്തിയ ആളുടെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ജാഗ്രത ന്യൂസ് ലൈവ് പുറത്തു വിട്ടിരുന്നു. ഈ ദൃശ്യങ്ങൾ കണ്ട് പ്രതിയായ യുവാവിനെ തിരിച്ചറിഞ്ഞ് നാട്ടുകാർ വിവരം കോട്ടയം വെസ്റ്റ് പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് നാഗമ്പടത്തു നിന്നാണ് പൊലീസ് സംഘം പ്രതിയെ പിടികൂടിയത്. ഇയാളെ പിന്നീട് ജുവനൈൽ ഹോം അധികൃതർ എത്തി കൂട്ടിക്കൊണ്ടു പോയത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് തിരുനക്കര അനശ്വര തീയറ്റർ റോഡിൽ പ്രവർത്തിക്കുന്ന വരദന്റെ കടയിൽ മോഷണ ശ്രമം നടന്നത്. രാത്രി ഒരു മണിയോട് കൂടി കടയിൽ എത്തിയ മോഷ്ടാവ് ഷട്ടർ തകർത്ത് അകത്ത് കടക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് പരാജയപ്പെട്ടതിനെ തുടർന്നാണ് ഇയാൾ തെക്കുംഗോപുരം ഭാഗത്തേയ്ക്ക് എത്തിയത്. ഇതിന് ശേഷം ഇവിടെ സ്വകാര്യ സ്ഥാപനത്തിനു മുന്നിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചു. ബൈക്ക് തള്ളി ഭാരത് ആശുപത്രി റോഡിൽ വരെ ഇയാൾ എത്തിച്ചു. എന്നാൽ, ബൈക്ക് സ്റ്റാർട്ട് ആകാതെ വന്നതോടെ മോഷണ ശ്രമം ഉപേക്ഷിച്ച് ഇയാൾ സംഭവ സ്ഥലത്ത് നിന്നും പോകുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിന് ശേഷം ഇവിടെ നിന്നും രക്ഷപെട്ട ഇയാളെ ഇന്നു രാവിലെ നാഗമ്പടം ഭാഗത്തു നിന്നും കണ്ടെത്തുകയായിരുന്നു. നാഗമ്പടം ഭാഗത്ത് ഇയാളെ കണ്ട നാട്ടുകാർ ജാഗ്രത ന്യൂസിലെ വീഡിയോയിലുള്ള ആളാണ് എന്ന് സംശയിച്ചു. തുടർന്ന് വിവരം കോട്ടയം വെസ്റ്റ് പൊലീസിൽ അറിയിച്ചു. ഇതേ തുടർന്ന് സ്ഥലത്ത് എത്തിയ വെസ്റ്റ് പൊലീസ് യുവാവിനെ കൂട്ടിക്കൊണ്ടു പോയി. കഴിഞ്ഞ പത്തിനാണ് യുവാവ് തിരുവഞ്ചൂർ ജുവനൈൽ ഹോമിൽ നിന്നും പുറത്തു കടന്നത്. ഇതിന് ശേഷം ഇയാളെ അന്വേഷിക്കുന്നതിനിടെയാണ് ഇപ്പോൾ കോട്ടയം വെസ്റ്റ് പൊലീസ് സംഘം ഇയാളെ കണ്ടെത്തിയത്. തുടർന്ന് പ്രായപൂർത്തിയാകാത്തതിനാൽ ഇയാളെ ജുവനൈൽ ഹോം അധികൃതർക്ക് കൈമാറി.