കോട്ടയം: നഗരത്തിലെ ചീട്ടുകളി കേന്ദ്രത്തെപ്പറ്റി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജാഗ്രത ന്യൂസ് ലൈവ് നിരന്തരം വാർത്ത പ്രസിദ്ധീകരിക്കുന്നുണ്ട്. ചീട്ടുകളി കളത്തിൽ നിന്നും ലക്ഷങ്ങൾ സമ്പാദിച്ചവരും പണം നഷ്ടമായവരും നിരവധിയുണ്ട്. പണം സമ്പാദിച്ചവർ വീണ്ടും വീണ്ടും കളത്തിലെത്തുകയും, ചീട്ടുകളിയിലേയ്ക്കും പലിശ ഇടപാടിലേയ്ക്കും ഈ പണം ഇടുന്നതും പതിവ് കാഴ്ചയാണ്. എന്നാൽ, പണം നഷ്ടമായവർ പലരും കടക്കെണിയിൽപ്പെട്ട് ഉഴറുന്നതും ഒടുവിൽ ആത്മഹത്യയിൽ അഭയം പ്രാപിക്കുന്നതും പക്ഷേ, ആരും അറിയാറിയില്ല. ജീവനൊടുക്കി,തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, ട്രെയിനിടിച്ചു മരിച്ചു എന്നുള്ള കോളങ്ങളിലും, സാമ്പത്തിക ബാധ്യതയെതുടർന്ന് ജീവനൊടുക്കി എന്ന ഒറ്റ വരി വാർത്തയിലുമാണ് പലപ്പോഴും ഇവരുടെ ജീവിതം അവസാനിക്കുക.
എന്നാൽ, ചീട്ടുമേശയിലെ കുടുക്കിൽ വീണ് കടക്കെണിയിലായത് നിരവധി കുടുംബങ്ങളാണ് എന്നതാണ് യാഥാർത്ഥ്യം. കോട്ടയം നഗരത്തിൽ കല്യാൺ സിൽക്ക്‌സിനു സമീപത്തെ ഇടവഴി കേന്ദ്രീകരിച്ചുള്ള ചീട്ടുകളി കേന്ദ്രമാണ് ഇപ്പോൾ കളിയിൽകുടുങ്ങിയവരുടെ കൊലക്കളമായി ഒരുങ്ങുന്നത്. വളരെ ചുരുങ്ങിയ നാളുകൾ മാത്രമാണ് ഈ കേന്ദ്രത്തിൽ കളി ആരംഭിച്ചിട്ട്. ഇതിനോടകം തന്നെ നിരവധി പേരാണ് ഇവിടെ ചീട്ടുകളി കളത്തിൽ പണം നഷ്ടമായി കടക്കെണിയിൽ കുടുങ്ങിപ്പോയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവിടെ പണം നഷ്ടമാകുന്നവരിൽ പലരും സാമാന്യം ഭേദപ്പെട്ട നിലയിൽ ജീവിച്ചിരുന്നവരാണ്. കോട്ടയം മൂലവട്ടം സ്വദേശിയായ വെൽഡിംങ് വർക്ക്‌ഷോപ്പ് ഉടമയാണ് ഈ കളത്തിൽ പണം നഷ്ടമായി പാപ്പരായ ഒരു സാധാരണക്കാരൻ. ഇവിടെ സ്ഥിരം കളിക്കാനെത്തിയിരുന്ന ഇദ്ദേഹത്തെ ചതിയിൽപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ കുറച്ച് നാളുകളായി കളത്തിൽ കളിക്കാനെത്തിയിരുന്ന ഇദ്ദേഹത്തിന് ഇതുവരെ ആറുലക്ഷം രൂപയാണ് നഷ്ടമായത്. ഇത് കൂടാതെ സ്വന്തം കാർ പണയം വച്ചും ഇദ്ദേഹം കളിച്ചു. ഈ കാർ വീണ്ടെടുക്കാനുള്ള കളിയാണ് ഇദ്ദേഹം ഇപ്പോഴും നടത്തുന്നത്. ഇതിനായി ചീട്ടുകളി കളത്തിന്റെ നടത്തിപ്പുകാരനായ തമിഴ്‌നാട് സ്വദേശിയിൽ നിന്നും പണം കൊള്ളപലിശയ്ക്ക് വാങ്ങിയാണ് ഇദ്ദേഹം ഇപ്പോൾ കളിക്കുന്നത്.
കോട്ടയം നഗരത്തിലെ ഏറ്റവും വലിയ ചീട്ടുകളി കേന്ദ്രമായാണ് ഈ കേന്ദ്രം വളരുന്നത്. പൊലീസിനെ പോലും വെല്ലുവിളിച്ചുള്ള കളിയാണ് ഓരോ ദിവസവും ഇവിടെ നടക്കുന്നത്. ലക്ഷങ്ങളാണ് ഈ കളത്തിൽ വീഴുന്നത്. ഇവിടെ കാശില്ലാതെ കളിക്കാനെത്തുന്നവർക്ക് രേഖകളും, ചെക്കും , വാഹനവും സ്വർണവും അടക്കം വാങ്ങി പണം കടം നൽകുന്ന ബ്ലേഡ് മാഫിയ സംഘവും പ്രവർത്തിക്കുന്നുണ്ട്. നിരവധി ആത്മഹത്യകൾക്ക് പിന്നാമ്പുറ ശക്തിയായി പ്രവർത്തിച്ച കോട്ടയത്തെ ചീട്ടുകളി കേന്ദ്രത്തിനെതിരെ പക്ഷേ ശക്തമായ നടപടിയുണ്ടാകുന്നില്ലെന്നതാണ് വാസ്തവം.