കണ്ണൂർ: കണ്ണൂർ നഗരപ്രദേശങ്ങളിൽ നാട്ടുകാരെ ഭീതിയിലാക്കിയ മോഷ്ടാവ് ഒടുവിൽ പിടിയിലായി. വയനാട് സ്വദേശി അബ്ദുൾ കബീർ ആണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം പൂർണനഗ്നനായി മോഷണത്തിന് ഇറങ്ങിയ കബീറിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. കണ്ണൂർ ടൗൺ പരിസരം, താഴെ ചൊവ്വ, മേലേ ചൊവ്വ പരിസരങ്ങളിലാണ് കഴിഞ്ഞ ആഴ്ചകളിലായി മോഷ്ടാവ് എത്തിയത്. പൂർണ്ണ നഗ്നനായാണ് ഇയാൾ മോഷ്ടിക്കാൻ ഇറങ്ങുന്നത്.
ആദ്യം വാതിലിൽ മുട്ടി ശബ്ദമുണ്ടാക്കി വീട്ടിനുള്ളിൽ ആളുകൾ ഉണ്ടോ എന്ന് അറിയും. ആരെങ്കിലും വീടിന്റെ വാതിൽ തുറന്നാൽ ആ പ്രദേശത്തു നിന്ന് ഓടി രക്ഷപ്പെടും. ആരും വാതിൽ തുറന്നില്ല എങ്കിൽ ആ വീട്ടിൽ മോഷണം നടത്തും. ഇതാണ് ഇയാളുടെ പ്രവർത്തന രീതിയെന്ന് പൊലീസ് സൂചിപ്പിച്ചു.