കോട്ടയം : കോട്ടയം നഗരമധ്യത്തിൽ ഹയർസെക്കൻഡറി വിദ്യാർത്ഥിയുടെ നേതൃത്വത്തിൽ പെപ്പർ സ്പ്രേ ആക്രമണം. സഹപാഠിയായ മറ്റൊരു വിദ്യാർത്ഥിക്കും വഴിയിൽ ബസ് കാത്തുനിന്ന രണ്ട് പെൺകുട്ടികൾക്കും പരിക്ക്. കോട്ടയം കാരാപ്പുഴ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ അഭിനവിനും, ബേക്കർ ജംഗ്ഷനിൽ ബസ് കാത്തുനിന്ന ബേക്കർ സ്കൂളിലെ വിദ്യാർഥിനികളായ രണ്ട് പെൺകുട്ടികൾക്കും ആണ് ആക്രമണത്തിൽ പരിക്കേറ്റത്. പരിക്കേറ്റ ഇവർ കോട്ടയം ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. വിദഗ്ധ ചികിത്സയ്ക്കായി ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു.
ഇന്ന് വൈകിട്ട് നാലരയോടെ കോട്ടയം ബേക്കർ ജംഗ്ഷനിൽ ആയിരുന്നു സംഭവം. കാരാപ്പുഴ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളായ അഭിനവും , ഷാജോണുമാണ് ഏറ്റുമുട്ടിയത്. സംഘർഷത്തിനിടെ ഷാജോൺ അഭിനവിന് നേരെ കുരുമുളക് സ്പ്രേ പ്രയോഗിക്കുകയായിരുന്നു. ആക്രമണത്തിനിടെ , ബസ് സ്റ്റോപ്പിൽ നിന്നിരുന്ന രണ്ട് പെൺകുട്ടികൾക്ക് നേരെയും കുരുമുളകും സ്പ്രേ പ്രയോഗിച്ചു. ഇതോടെയാണ് സ്റ്റോപ്പിൽ നിന്നിരുന്നവർക്കും പരിക്കേറ്റത്. സംഘർഷത്തെ തുടർന്ന് കോട്ടയം വെസ്റ്റ് പോലീസും സ്ഥലത്തെത്തി.