പാലക്കാട് : വല്ലപ്പുഴയില്‍ പോത്തിനെ ഇടിച്ച് ട്രെയിൻ പാളം തെറ്റിയതിന്റെ പശ്ചാത്തലത്തില്‍ കന്നുകാലികള്‍ റെയില്‍പ്പാളം മുറിച്ചുകടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്താൻ പാലക്കാട് റെയില്‍വേ സുരക്ഷാസേനയുടെ നടപടികള്‍ ആരംഭിച്ചു. പാളത്തിനരികില്‍ കന്നുകാലികളെ മേയാൻ വിട്ടതിന് കഴിഞ്ഞ ഒരുമാസത്തിനിടെ ഷൊര്‍ണൂര്‍, തിരൂര്‍, കണ്ണൂര്‍, വടകര, പാലക്കാട് ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളിലായി ആകെ 10 കേസുകളാണ് ആര്.പി.എഫ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവിടങ്ങളിലെ കന്നുകാലികളുടെ ഉടമകളുടെ വിവരശേഖരണവും ആര്.പി.എഫ് പൂര്‍ത്തിയാക്കി. ഡിവിഷൻ പരിധിയിലെ എസ്.ഐ.മാരുടെയും എ.എസ്.ഐമാരുടെയും നേതൃത്വത്തിലാണ് പാളങ്ങളിലൂടെ നടന്ന് കന്നുകാലികള്‍ പാളം മുറിച്ചുകടക്കാൻ സാദ്ധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് കന്നുകാലികളുടെ ഉടമകളുടെ വിവരങ്ങള്‍ ശേഖരിച്ചു. ഉടമകളെ ബോധവത്കരിക്കുന്നതിനും അപകടമുണ്ടായാല്‍ പെട്ടെന്ന് നടപടിയെടുക്കുന്നതിനുമാണ് വിവരങ്ങള്‍ ശേഖരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. കന്നുകാലികള്മൂലം അപകടമുണ്ടായാല്‍ റെയില്‍വേ നിയമപ്രകാരം ആര്.പി.എഫ് കേസെടുക്കും. മജിസ്ട്രേറ്റ് കോടതികള്‍ മുഖാന്തരമാകും വിചാരണ നടക്കുക. ഇത് ഒഴിവാക്കാൻ ഇതുവരെ 79 ബോധവത്കരണ ക്ലാസുകളും ഉടമകള്‍ക്കായി ആര്.പി.എഫ് നടത്തിക്കഴിഞ്ഞു. വേഗത്തില്‍ വരുന്ന ട്രെയിൻ പാളത്തിലുള്ള കന്നുകാലികളെ തട്ടിയാല്‍ മറിയാൻവരെ സാധ്യതയുണ്ടെന്നും റെയില്‍പ്പാളങ്ങള്‍ക്ക് സമീപത്ത് കന്നുകാലികളെ മേയാൻ വിടരുതെന്നും ആര്.പി.എഫ്. അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.