കോട്ടയം: നവീകരണം പൂർത്തിയാക്കിയ കോട്ടയം റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ ട്രാക്കിലൂടെ തീവണ്ടികൾ ഓടി തുടങ്ങി. ഇതോടെ കോട്ടയം വഴിയുള്ള റെയിൽവേ ഇരട്ടപ്പാതയുടെ പ്രയോജനം പൂർണ്ണ തോതിൽ യാത്രക്കാർക്ക് ലഭ്യമായി തുടങ്ങി. ഇന്ന് രാവിലെ ആറ് മണിക്ക് ട്രാക്കിലൂടെ ചരക്ക് തീവണ്ടിയാണ് ആദ്യം കടന്ന് പോയത്. പിന്നാലെ 6.25 ന് കൊല്ലം എറണാകുളം മെമ്മു ആദ്യ യാത്ര വണ്ടിയായും പ്ലാറ്റ്ഫോമിന്റെ സേവനം പ്രയോജനപ്പെടുത്തി കടന്നു പോയി.
തിരുവനന്തപുരം ഭാഗത്തേക്ക് 105 മീറ്ററും, എറണാകുളം ഭാഗത്തേക്ക് 100 മീറ്ററും നീട്ടിയാണ് പ്ലാറ്റ്ഫോം വിപുലപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന്റെ നീളം 780 മീറ്ററായി. വടക്കോട്ടുള്ള (എറണാകുളം ഭാഗത്തേക്ക്) ദീർഘദൂര തീവണ്ടികളാണ് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെത്തുക. ഇതോടെ കോട്ടയം സ്റ്റേഷനിലെ അഞ്ച് പ്ലാറ്റ്ഫോമുകളും പ്രവർത്തനസജ്ജമായതായി അധികൃതർ് പറഞ്ഞു. മെമ്മു, പാസഞ്ചറുകൾക്കായി 1 എ പ്ലാറ്റ്ഫോമും ഉടൻ തുറക്കുന്നതോടെ കോട്ടയത്തെ ആകെ പ്ലാറ്റ്ഫോമുകളുടെ എണ്ണം ആറാകും.