കോട്ടയം: കോടിമത നാലുവരിപ്പാതയിൽ ട്രാൻസ്‌ജെൻഡർ വേഷം കെട്ടി പിടിച്ചുപറി. ബൈക്ക് യാത്രക്കാരെ അടക്കം തടഞ്ഞു നിർത്തിയാണ് സംഘം തട്ടിപ്പ് നടത്തുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ ബൈക്ക് യാത്രക്കാരനായ കൊല്ലാട് സ്വദേശിയെ, ഓടുന്ന ബൈക്കിൽ നിന്നും വലിച്ച് താഴെയിട്ട് പണം മോഷ്ടിക്കാൻ ശ്രമമുണ്ടായി. പ്രദേശത്തെ വീട്ടിലേയ്ക്ക് ഓടിക്കയറിയാണ് ബൈക്ക് യാത്രക്കാരൻ രക്ഷപെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.
കോടിമത ഭാഗത്തു നിന്നും നാലുവരിപ്പാതയിലൂടെ വരികയായിരുന്നു കൊല്ലാട് സ്വദേശിയായ ബൈക്ക് യാത്രക്കാരൻ. ഈ സമയത്താണ് സാരി ധരിച്ച ട്രാൻസ്‌ജെൻഡർ വേഷയത്തിൽ രണ്ടു പേർ റോഡരികിലൂടെ നടന്നു പോയത്. ബൈക്ക് യാത്രക്കാരൻ ഇവർ നടന്നു പോകുന്ന ഭാഗത്ത് എത്തിയപ്പോൾ, രണ്ടു പേർ ഇദ്ദേഹത്തിന്റെ ബൈക്കിലേയ്ക്കു കടന്നു പിടിക്കുകയും വലിക്കുകയുമായിരുന്നു. നിയന്ത്രണം നഷ്ടമായ ബൈക്ക് മറിയാൻ പോയി. ഭയന്നു പോയ ഇദ്ദേഹം ഉടൻ തന്നെ സമീപത്തെ വീട്ടിലേയ്ക്ക് ഓടിക്കയറി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നാട്ടുകാർ ഓടിയെത്തിയപ്പോഴേയ്ക്കും ട്രാൻസ്‌ജെൻഡർ വേഷധാരികളായ രണ്ടു പേരും ഈരയിൽക്കടവ് റോഡിലേയ്ക്ക് ഓടിരക്ഷപെട്ടു. ഈരയിൽക്കടവ് റോഡിന്റെ ഭാഗത്തേയ്ക്ക് ഓടിപ്പോയ ഇവരെ തേടി നാട്ടുകാർ പിന്നാലെ എത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. നേരത്തെയും പ്രദേശത്ത് സമാന രീതിയിൽ രാത്രിയിൻ ട്രാൻസ്‌ജെൻഡർ വേഷം കെട്ടിയെത്തി തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ തട്ടിപ്പ് സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.