കോട്ടയം: ഇല്ലിക്കലിൽ രോഗിയായ പെട്രോൾ പമ്പ് ജീവനക്കാരന് നേരെ ഗുണ്ടാ ആക്രമണം. ബൈക്കിൽ വന്നിറങ്ങിയ അക്രമി പ്രകോപനം ഒന്നുമില്ലാതെ യുവാവിനെ ആക്രമിക്കുകയായിരുന്നു. പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സുനിൽ എബ്രഹാം നടത്തുന്ന കോട്ടയം ഇല്ലിക്കലിലെ പമ്പിലെ ജീവനക്കാരൻ കാരാപ്പുഴ സ്വദേശി ശരത്തിന് (34) നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റ ശരത്തിനെ കുമരകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച വൈകിട്ട് ഒൻപത് മണിയോടെയായിരുന്നു അക്രമം. ബൈക്കിൽ പമ്പിൽ എത്തിയ അക്രമി യാതൊരു പ്രകോപനവുമില്ലാതെ ശരത്തിനെ ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ആദ്യം ശരത്തിന്റെ മുഖത്തടിച്ച അക്രമി ഇയാളെ വലിച്ചിഴച്ച് കൊണ്ടു പോകുന്നത് സിസിടിവി ക്യാമറയിൽ കാണാം. ഇതിന് ശേഷം ശരത്തിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ച് പമ്പിന്റെ മറ്റൊരു ഭാഗത്തേയ്ക്കു കൊണ്ടു പോകുന്നതും സിസിടിവി ക്യാമറാ ദൃശ്യങ്ങളിലുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിന് ശേഷം ശരത്തിനെയുമായി നടക്കുന്നതിനിടയിൽ ഇയാൾ ഇവിടെ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസ് ജീവനക്കാരുടെ ബൈക്കുകൾ ചവിട്ടി മറിച്ചിട്ടു. പിന്നീടും ശരത്തിനെ മർദിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സ്വകാര്യ ബസ് ജീവനക്കാർ വിഷയത്തിൽ ഇടപെട്ടത്. മർദനം തടയാൻ ശ്രമിച്ച സ്വകാര്യ ബസ് ജീവനക്കാരെയും ഇയാൾ മർദിച്ചു. ഇതോടെ ഇവർ തിരികെ പ്രതിരോധിക്കുകയും, അക്രമിയെ പിടിച്ചു കെട്ടുകയുമായിരുന്നു. സംഭവത്തിന് ശേഷം പമ്പ് ഉടമ വിവരം അറിയിച്ചതോടെ കുമരകം പൊലീസ് സ്ഥലത്ത് എത്തി. അക്രമിയെ കസ്റ്റഡിയിൽ എടുത്തു.
പെട്രോൾ പമ്പുകൾക്ക് നേരെ നടക്കുന്ന അക്രമം വ്യാപകമായ സാഹചര്യത്തിൽ കർശന നടപടിയെടുക്കാൻ അധികൃതർ നടപടിയെടുക്കണമെന്ന് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സുനിൽ എബ്രഹാം ആവശ്യപ്പെട്ടു. പെട്രോൾ പമ്പുകൾക്ക് എതിരെ ഉണ്ടാകുന്ന ആക്രമണങ്ങളിൽ കർശന നടപടിയുണ്ടാകാത്തതാണ് അക്രമികൾക്ക് പ്രോത്സാഹനമാകുന്നത്. രാത്രികാലങ്ങളിലാണ് അക്രമം നടക്കുന്നത്. ഈ സാഹചര്യത്തിൽ ജീവനക്കാർക്ക് സുരക്ഷ ഉറപ്പാക്കാൻ പൊലീസും അധികൃതരും ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.