കോട്ടയം: കുറിച്ചിയിൽ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ നാടകത്തിനായി സ്‌റ്റേജ് ക്രമീകരിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് പോസ്റ്റിൽ നിന്ന് താഴെവീണ് നാടക കലാകാരന് ദാരുണാന്ത്യം. വൈക്കം മാളവികയുടെ കലാകാരൻ ആലപ്പുഴ സ്വദേശി ഹരിലാൽ പാതിരപ്പള്ളിയാണ് മരിച്ചത്. കഴിഞ്ഞ മാസം 29 ന് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ഹരിലാൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.
കഴിഞ്ഞ 29 നായിരുന്നു സംഭവം. കോട്ടയം കുറിച്ചി സജിവോത്തമപുരം ശ്രീരാമക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള നാടകം അവതരിപ്പിക്കാൻ എത്തിയപ്പോഴായിരുന്നു അപകടം. വൈക്കം മാളവികയുടെ ജീവിതത്തിന് ഒരു ആമുഖം എന്ന നാടകത്തിന്റെ ഒരുക്കത്തിനായി എത്തിയതായിരുന്നു ഹരിലാൽ. സ്റ്റേജ് ക്രമീകരിക്കുന്നതിനായി ഹരിലാൽ സ്റ്റേജിന്റെ മുകളിലെ തൂണിൽ കയറുകയായിരുന്നു. ഈ സമയം ഇതുവഴി കടന്നു പോയ സ്റ്റേജിലേയ്ക്കുള്ള വയറിങ്ങ് ലൈനിൽ നിന്നും ഷോക്കേറ്റ് ഇദ്ദേഹം 15 അടി താഴേയ്ക്കു വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവിടെ നിന്നും ഉടൻ തന്നെ ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൈക്ക് സെറ്റ് സ്ഥാപിക്കുന്നതിനായി എത്തിയ ജീവനക്കാർ വൈദ്യുതി ലൈൻ ഇൻസുലേഷൻ ടേപ്പ് സ്ഥാപിക്കാതെ തൂണിന് മുകളിൽ ചുറ്റിയതിനെ തുടർന്നാണ് ഇദ്ദേഹത്തിന് വൈദ്യുതാഘാതമേറ്റതെന്ന് വൈക്കം മാളവികയുടെ അധികൃതർ ആരോപിച്ചു. പരിക്കേറ്റ ഹരിലാലിനെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ, ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ 15 വർഷത്തോളമായി സീരിയലുകളിൽ അടക്കം മേക്കപ്പ്മാനായി ഹരിലാൽ ജോലി ചെയ്തിട്ടുണ്ട്. സിനിമാ താരം മനോജ് കെ.ജയന്റെ മേക്കപ്പ്മാനായും പ്രവർത്തിച്ചിട്ടുണ്ട്.