വൈക്കം : ക്ഷേത്ര നഗരി അമ്പാടിയായി. നഗരപാതകൾ രാജ വീഥികളായി. താളമേളങ്ങളുടെയുംആരവങ്ങളുടെയും ഉൽസവ ലഹരിയിൽ ഉണ്ണിക്കണ്ണൻമാരും ഗോപികമാരും നൃത്തമാടിയത് ദർശിച്ച് ആനന്ദ നിർവൃതി നേടുവാൻ നിരവധി ഭക്തരും ക്ഷേത്ര നഗരിയിലെത്തി. വൈക്കത്ത് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്രയോടെ ആഘോഷിച്ചു.
ഗംഗ എന്ന നാമത്തിലുള്ള ശോഭായാത്ര ആറാട്ടുകുളങ്ങര ചീരംകുന്നുംപുറം പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച കിഴക്കേ നട വഴി വൈക്കം വലിയ കവലയിലെത്തി.
യമുന എന്നറിയപ്പെടുന്ന ശോഭായാത്ര തെക്കെനട ഇണ്ടംതുരുത്തിൽ കാർത്ത്യായനി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് അയ്യർ കുളങ്ങര, കാളിയമ്മ നട എന്നിവിടങ്ങളിൽ നിന്നും വന്ന ശോഭായാത്രയുമായി സംഗമിച്ച് വലിയ കവലയിൽ എത്തി.
സരസ്വതി എന്ന പേരിലുള്ള ശോഭായാത്ര ഉദയനാപുരം ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് വലിയകവലയിൽ എത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗോദാവരി എന്ന നാമത്തിൽ ഉള്ള ശോഭായാത്ര പോളശ്ശേരി ഭഗവതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് പനമ്പുകാട് ശോഭായാത്രയുമായി സംഗമിച്ച് വലിയ കവലയിൽ എത്തി.
നർമ്മദ എന്ന പേരിലുള്ള ശോഭായാത്ര വടക്കേ നടയിലെ വിശ്വഹിന്ദു പരിക്ഷത്തിന്റെ ശാസ്താ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു.
സിന്ധു എന്ന അറിയപ്പെടുന്ന ശോഭായാത്ര ചാല പറമ്പിൽ നിന്നും ആരംഭിച്ച് പുളിഞ്ചുവട് ശോഭായാത്രയുമായി വലിയ കവലയിൽ എത്തി.
വിവിധ ഭാഗങ്ങളിൽ നിന്നും വന്ന ശോഭായാത്രകൾ വലിയ കവലയിൽ സംഗമിച്ചതോടെ മഹാശോഭായാത്ര ആരംഭിച്ചു.
മുൻ പോലിസ് മേധാവി ഡോ.ടി.പി. സെൻകുമാർ മഹാശോഭായാത്ര ഉൽഘാടനം -ചെയ്തു. കെ.എസ്. ആർ.ടി.സി ,ബോട്ട് ജട്ടി , കച്ചേരി കവല, പടിഞ്ഞാറെ നട വഴി വൈക്കം ക്ഷേത്രത്തിൽ പ്രവേശിച്ചതോടെ മഹാശോഭായാത്ര സമാപിച്ചു. വൈക്കം താലൂക്ക് ആഘോഷ പ്രമുഖ് കെ.ഡി. സന്തോഷ്, സഹ പ്രമുഖ് എം.മനോജ് പ്രസിഡണ്ട് കെ. ശിവ പ്രസാദ്, കാര്യദർശി പ്രീയ ഗിരിഷ് എന്നിവർ നേതൃത്വം നല്കി.
വൈക്കം അയ്യർ കുളങ്ങര ശ്രീദേവി വനിത സമാജം എൻ.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തിൽ അയ്യർ കുളങ്ങര ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ശോഭായാത്ര പുഴ വായികുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ സമാപിച്ചു.ഉ ഉറിയടി, അവതാര പൂജ , വിവിധ കലാപരിപാടികൾ , അഷ്ടമി രോഹിണി സദ്യ എന്നിവ നടന്നു. ചടങ്ങുകൾക്ക് ക്ഷേത്രം പ്രസിഡണ്ട് എസ്. മധു , വൈസ് പ്രസിഡണ്ട് പ്രമോദ് ചന്ദ്രൻ , സെക്രട്ടറി കെ.എം. നാരായണൻ നായർ വനിതാ സമാജം പ്രസിഡണ്ട് എ.ശ്രീ കല, സെക്രട്ടറി ദേവി പാർവതി എന്നിവർ നേതൃത്വം നല്കി.
വടക്കേ നട കൃഷ്ണൻ കോവിൽ നവഗ്രഹക്ഷേത്രത്തിൽ ജൻമാഷ്ടമി ആഘോഷിച്ചു. അവതാര പൂജ , അഷ്ടമി സദ്യ , വിവിധ കലാപരിപാടികളും നടന്നു.
മൂത്തേടത്ത് കാവ് പയറു കാട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽക്കുടം, നാമസങ്കീർത്തനം, ഉറിയടി,പാലഭിഷേകം, അഷ്ടമി സദ്യ താലപ്പൊലി, പാൽക്കാവടി, ഹൈദാര ബാദ് ഗൂഢല്ലൂർ ബാല ശങ്കര ശാസ്ത്രികളുടെ കാർമികത്വത്തിൽരാധ കല്യാണം,തിരുവാതിര,നൃത്താർച്ചന, ജൻമാഷ്ടമി പുജ, കാവടിയഭിഷേകം എന്നിവയോടെ അഷ്ടമി രോഹിണി ആഘോഷിച്ചു. മേൽശാന്തി എ.വി.ഗോവിന്ദൻ നമ്പൂതിരി, ക്ഷേത്ര കാര്യദർശി എ.ജി വാസുദേവൻ നമ്പൂതിരി, എന്നിവർ നേതൃത്വം നല്കി.
വൈക്കം പുളിഞ്ചുവട് അമ്പലത്തറ ശ്രീകൃഷ്ണക്ഷേത്രം , കുടവെച്ചൂർ ഗോവിന്ദപുരം ക്ഷേത്രം , വൈക്കം ക്ഷീര വൈകുണ്ഠപുരം ക്ഷേത്രം എന്നിവിടങ്ങളിലും അഷ്ടമി രോഹിണി ആഘോഷിച്ചു.