വൈക്കം : ഭാര്യയെ ഡോക്ടറെ കാണിക്കാൻ ആശുപ്രതിയിലെത്തിയ ഭർത്താവ് ചീട്ട് എഴുതിക്കിട്ടാൻ വൈകിയെന്നാരോപിച്ച് ആശുപത്രി ജീവനക്കാരെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത പോലീസിനെ ഭർത്താവ് ആക്രമിച്ചു പരിക്കേൽപിച്ചു.വൈക്കം താലൂക്ക് ആശുപത്രിയിൽ ഇന്ന് ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു സംഭവം. കാലിന് ഒടിവു പറ്റി പ്ലാസ്റ്ററിട്ട ഭാര്യ ഷീനയുമായി ചികിൽസയുടെ ഭാഗമായാണ് ചെമ്പ് ബ്രഹ്മമംഗലം സ്വദേശി അനീഷ്കുമാർ ആശുപത്രിയിലെത്തിയത്. ഓർത്തോ വിഭാഗം ഡോക്ടറെ കാണാൻ വന്ന ഇവർ ചീട്ട് ലഭിക്കാൻ വൈകിയെന്ന് പറഞ്ഞു ആശുപത്രി ജീവനക്കാരുമായി തർക്കത്തിലേർപ്പെടുകയും ഉറക്കെഅസഭ്യം പറയുകയുമായിരുന്നു. ആശുപത്രിയിൽ ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന എ എസ് ഐ അൽഅമീറും സീനിയർ സിവിൽ പോലീസ് ഓഫീസർ സെബാസ്റ്റ്യനും ഇയാളെ അനുനയിപ്പിക്കാൻ നോക്കിയെങ്കിലും വഴങ്ങാതിരുന്ന യുവാവ് പോലീസിനെ അസഭ്യം പറയാൻ തുടങ്ങി.
ബഹളം കേട്ട് രോഗികളടക്കം നിരവധിപേർ എത്തിയപ്പോൾ പോലീസ് ഇയാളെ സ്റ്റേഷനിലേയ്ക്കു കൊണ്ടുപോകാൻ തുനിഞ്ഞു. ഈ സമയം ഭർത്താവിനെ കൊണ്ടു പോകരുതെന്ന് പറഞ്ഞു പാഞ്ഞു വന്ന യുവതി പോലീസുമായി പിടിവലി നടത്തി. ഈ സമയം യുവാവ് എ എസ് ഐ അമിറിൻ്റെ തലയ്ക്ക് തല കൊണ്ടിടിക്കുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തിൽ എ എസ് ഐ വീണു പോയി. തലകൊണ്ടുള്ള ഇടിയുടെ ആഘാതത്തിൽ എ എസ് ഐ അമീറിൻ്റെ തലയ്ക്ക് മുറിവേറ്റു രക്തം വാർന്നു. തടസം പിടിക്കാൻ വന്ന സിവിൽ പോലീസ് ഓഫീസർക്കും മർദ്ദനമേറ്റു. സംഭവുമായി ബന്ധപ്പെട്ട് ചെമ്പ് ബ്രഹ്മമംഗലം വടക്കേത്തറയിൽ അനീഷ്കുമാർ (45) ഭാര്യ ഷീന (40) എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.