കോട്ടയം; വർദ്ധിച്ചു വരുന്ന റോഡപകടങ്ങൾ കുറയ്ക്കുന്നതിനും, യുവാക്കളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉത്പന്നങ്ങളുടെ അമിത ഉപയോഗം തടയുന്നതിനുമായി കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി. ശില്പ ഐ.പി.എസിന്റെ നേതൃത്വത്തിൽ ജില്ലയിലെ സ്റ്റേഷൻ ഹൗസ് ഓഫിസർമാരെ ഉൾപ്പെടുത്തി നടത്തിയ പ്രത്യേക പരിശോധനയിൽ 129 കേസുകൾ രജിസ്റ്റർ ചെയ്തു.
ജില്ലയിൽ 2557 വാഹനങ്ങൾ പരിശോധിച്ചതിൽ അമിത വേഗതയിൽ വാഹനമോടിച്ച 126 പേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്യുകയും, കൂടാതെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം ജില്ലയിൽ കഴിഞ്ഞ ദിവസം 83 റെയ്ഡ് നടത്തുകയും ഏകദേശം 2 കിലോ കഞ്ചാവ് പിടികൂടി. 3 കേസ് രജിസ്റ്റർ ചെയ്ത് 4 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുള്ളതുമാണ്.വരും ദിവസങ്ങളിലും പൊലീസിന്റെ ശക്തമായ പരിശോധന ഉണ്ടാകുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.