കോട്ടയം: ഐസിയുവിലും വെന്റിലേറ്ററിലും കിടക്കുന്ന രോഗികളിൽ നിന്നും ഫീസ് ഈടാക്കാനുള്ള നീക്കത്തിന് പിന്നാലെ കോട്ടയം മെഡിക്കൽ കോളേജിൽ വീണ്ടും പിൻവാതിൽ നിയമന വിവാദം. മെഡിക്കൽ കോളേജിൽ സർജന്റ് തസ്തികയിൽ താല്ക്കാലിക നിയമന കാലാവധി പൂർത്തിയായ ആളെ മറ്റൊരു തസ്തിക സൃഷ്ടിച്ച് പുനർ നിയമിക്കാനുള്ള നീക്കമാണ് വിവാദമായിരിക്കുന്നത്. എച്ച്ഡിസി വഴി സെർജന്റ് തസ്തിക ഉണ്ടാക്കി നിയമിക്കാനാണ് നീക്കം നടത്തുന്നത്. നാളെ ഇതു സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറങ്ങുമെന്നാണ് സൂചന.
ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരുടെ തലവനായി സെർജന്റിനെ നിയമിക്കുന്ന പതിവ് ഉണ്ട്. എന്നാൽ, ഇത് സ്ഥിരം നിയമനം അല്ല. ഇത് താല്കാലിക അടിസ്ഥാനത്തിൽ എംപ്ലോയ്‌മെന്റിൽ നിന്നും ലഭിക്കുന്ന പട്ടികയുടെ അടിസ്ഥാനത്തിലാണ് ആളുകളെ നിയമിക്കുന്നത്. എന്നാൽ, ഇത്തരത്തിൽ എംപ്ലോയ്‌മെന്റിൽ നിന്നും നിയമിക്കപ്പെട്ടയാളുടെ കാലാവധി പൂർത്തിയായ ശേഷം വീണ്ടും ഇയാളെ മറ്റൊരു തസ്തികയുണ്ടാക്കി നിയമിക്കാൻ നീക്കം നടക്കുന്നതാണ് വിവാദമായി മാറിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിപിഎമ്മിന്റെ വിശ്വസ്ഥനായ ആളായിരുന്നു നേരത്തെ സെക്യൂരിറ്റി ജീവനക്കാരുടെ തലവനായ സെർജന്റായി പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ ഇയാളുടെ കാലാവധി അടുത്തിടെ പൂർത്തിയായിരുന്നു. എന്നാൽ, ഈ കാലാവധി പൂർത്തിയായ ശേഷം ഇയാളെ വീണ്ടും നിയമിക്കാനായി എച്ച്ഡിഎസ് വഴി തസ്തിക സൃഷ്ടിക്കാനാണ് നീക്കം നടക്കുന്നത്. ഇതിനെതിരായ പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ അടക്കമുള്ളവർ ഈ വിഷയത്തിൽ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഏതായാലും വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേയ്ക്കാണ് ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി സഞ്ചരിക്കുന്നത്.