കോട്ടയം: നഗരസഭയിലെ മൂന്നുകോടിരൂപയുടെ പെൻഷൻ ഫണ്ട് തട്ടിയെടുത്ത കള്ളൻ ഒരാഴ്ചയായിട്ടും കാണാമറയത്ത് തന്നെ. സ്വന്തം അമ്മയുടെ അക്കൗണ്ടിലേയ്ക്കു മാസം മൂന്നുലക്ഷത്തോളം രൂപ തട്ടിയെടുത്ത് മാറ്റിയ കോട്ടയം നഗരസഭയിലെ മുൻ ജീവനക്കാരനും വൈക്കം നഗരസഭയിലെ ജീവനക്കാരനുമായ കൊല്ലം മങ്ങാട് ആൻസി ഭവനിൽ അഖിൽ സി.വർഗീസ് ഒരാഴ്ച കഴിഞ്ഞിട്ടും കാണാമറയത്ത് തന്നെയാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് കോട്ടയം നഗരസഭയിലെ മൂന്നരക്കോടിയുടെ പെൻഷൻ ഫണ്ട് തട്ടിപ്പ് ജാഗ്രത ന്യൂസ് ലൈവ് പുറത്തു വിട്ടത്. നഗരസഭയിലെ പെൻഷൻ ലിസ്റ്റിൽ സ്വന്തം അമ്മയുടെ പേരും അക്കൗണ്ട് നമ്പരും കൂട്ടിച്ചേർത്ത അഖിൽ മാസം മൂന്നു ലക്ഷത്തോളം രൂപയാണ് അടിച്ചു മാറ്റിയത്. ഇത്തരത്തിൽ മൂന്നു കോടി രൂപയിലേറെ ഇയാൾ തട്ടിയെടുത്തിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
തട്ടിപ്പുമായി ബന്ധപ്പെട്ട് അഖിലിനെ വൈക്കം നഗരസഭയിൽ നിന്നും സസ്പെന്റ് ചെയ്തിരുന്നു. നഗരസഭയിൽ പരിശോധന നടത്തിയ തദ്ദേശ സ്വയംഭരണ വകുപ്പ് ആഭ്യന്തര ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്വയംഭരണ വകുപ്പ് അഖിലിനെ സസ്പെന്റ് ചെയ്തത്. ഇതിന് പിന്നാലെ തട്ടിപ്പിന് അഖിലിന് ഒത്താശ ചെയ്തു നൽകിയ മൂന്നു ജീവനക്കാരെയും സർവീസിൽ നിന്നും സസ്പെന്റ് ചെയ്തിട്ടുണ്ട്. തട്ടിപ്പ് പുറത്തായി തദ്ദേശ സ്വയംഭരണ വകുപ്പ് പരിശോധന നടത്തിയ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം അഖിൽ വൈക്കം നഗരസഭയിൽ ജോലിയ്ക്ക് എത്തിയിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതുകൊണ്ടു തന്നെ നഗരസഭയിൽ ഓഡിറ്റ് വിഭാഗം പരിശോധന നടത്തുന്ന വിവരം അഖിലിനെ കോട്ടയം നഗരസഭയിൽ നിന്നും ആരോ ധരിപ്പിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ഈ സമയത്ത് അഖിലിനെ വിളിച്ച് വിവരം കൃത്യമായി പറഞ്ഞ ആളെ കണ്ടെത്താനോ നടപടിയെടുക്കാനോ നഗരസഭയ്ക്കോ കോട്ടയം വെസ്റ്റ് പൊലീസിനോ സാധിച്ചിട്ടില്ല. ആദ്യം കേസ് അന്വേഷിക്കാൻ കോട്ടയം നഗരസഭയിൽ എത്തിയ പൊലീസ് പിന്നീട് പ്രതിയെ പിടികൂടാൻ ഇതേ ആവേശം കാണിക്കുന്നില്ലെന്നും പരാതിയുണ്ട്. കൊടും ക്രിമിനലിനെ ഉത്തർ പ്രദേശിൽ പോയി പിടിക്കാൻ കഴിവുള്ള കോട്ടയം വെസ്റ്റ് പൊലീസിനു പക്ഷേ തട്ടിപ്പുകാരനായ കൊല്ലം സ്വദേശി അഖിലിനെ ഇതുവരെ കണ്ടെത്താനാവാത്തത് നാണക്കേടായി മാറിയിട്ടുണ്ട്.
രണ്ടു വർഷത്തോളം നീണ്ട തട്ടിപ്പ് അഖിലിന് ഒറ്റയ്ക്ക് നടത്താനാവില്ലെന്ന് കൃത്യമായി നാട്ടുകാർക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇതുവരെയും അഖിലിന്റെ കൂട്ടാളികൾ ആരാണ് എന്ന് കണ്ടെത്താൻ നഗരസഭയ്ക്കും സാധിച്ചിട്ടില്ല. ക്ലർക്ക് അഖിൽ മുതൽ നഗരസഭ സെക്രട്ടറിവരെയുള്ളവർ കാണാതെ നഗരസഭയിലെ വിരമിച്ച ജീവനക്കാരുടെ പെൻഷൻ പാസാകില്ല. അതുകൊണ്ടു തന്നെ തട്ടിപ്പിന് നഗരസഭയിലെ ജീവനക്കാരുടെ ഒരു വലിയ കണ്ണിയ്ക്ക് തന്നെ പങ്കുണ്ടെന്നാണ് സൂചന ലഭിക്കുന്നത്.